കഞ്ചാവ് കേസിൽ അറസ്റ്റിലായ അച്ഛനെ ഇറക്കാൻ അമ്മ പോയി,​ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് നോക്കാൻ ഏൽപ്പിച്ച സുഹൃത്തുക്കൾ

Tuesday 16 August 2022 5:27 PM IST

തൃശൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ പിതാവിനെ പുറത്തിറക്കാൻ അമ്മ മലപ്പുറത്തേക്ക് പോയതിന് പിന്നാലെയാണ് സുഹൃത്തുക്കൾ വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്. മകൾ വീട്ടിൽ ഒറ്റയ്ക്കാണെന്നും ശ്രദ്ധിക്കണമെന്നും പിതാവിന്റെ സുഹൃത്തുക്കളോട് മാതാവ് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

രണ്ട് മാസം മുൻപായിരുന്നു സംഭവം. ഇതേതുടർന്ന് കുട്ടി അമ്മയോട് വിവരം പറഞ്ഞുവെങ്കിലും കുടുംബം പൊലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല. പിന്നീട് സ്‌കൂളിൽ കൗൺസിലിംഗിനിടെയാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചത്. പിതാവിന്റെ സുഹൃത്തുക്കൾ ലഹരിമരുന്നിന് അടിമകളാണെന്നും, കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ കുട്ടിയുടെ പിതാവിനെ കാണാനായി വീട്ടിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. മൂന്ന് പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുവായൂർ എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നാല് ദിവസം മുൻപാണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.