വെള്ളപ്പൊക്കം കവർന്നതിലേറയും ഓണകൃഷി!

Wednesday 17 August 2022 12:00 AM IST

കോട്ടയം. കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയിലും ഉരുൾപൊട്ടലിലും ജില്ലയിൽ നശിച്ചത് 3.01കോടിയുടെ കൃഷി. ജൂലായ് 28 മുതൽ കഴിഞ്ഞ 12 വരെ പെയ്ത മഴയിലാണ് ഇത്രയും നാശം. 62.84 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3072 കർഷകർക്കു നഷ്ടമുണ്ടായി. വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം.

ഓണം വിപണി പ്രതീക്ഷിച്ച് വളർത്തിയ ഏത്തവാഴ കൃഷിയാണ് നശിച്ചതിലേറെയും.19.45 ഹെക്ടർ സ്ഥലത്തായി 42901 വാഴ നശിച്ചു. 2.21 കോടി രൂപയുടെ നാശനഷ്ടമാണ് വാഴക്കൃഷിക്ക് മാത്രമുണ്ടായത്. ഈ സാഹചര്യത്തിൽ ഓണത്തിന് വരവ് കായയെ ആശ്രയിക്കേണ്ടിവരുമെന്ന് ഉറപ്പായി.

മലയോരത്തുണ്ടായ ഉരുൾപൊട്ടലിൽ ടാപ്പു ചെയ്യുന്ന 753 റബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 465 മരങ്ങളും നശിച്ചു. 22.04 ലക്ഷം രൂപയാണ് നഷ്ടം. ജാതികൃഷിയിൽ 18.87 ലക്ഷം രൂപയുടെയും മറ്റ് ഫലവർഗ്ഗങ്ങളുടെ കൃഷിയിൽ 18 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. വൈക്കം മേഖലയിലാണ് ഏറ്റവും കൃഷി നാശം ഉണ്ടായത്. 18.65 ഹെക്ടറിലായി 1.04 കോടി രൂപയുടെ നഷ്ടമുണ്ടായി. 1937 കർഷകരാണ് ഇവിടെ നഷ്ടം നേരിട്ടത്.

കടുത്തുരുത്തി: 67.88 ലക്ഷം, ഈരാറ്റുപേട്ട: 55.08 ലക്ഷം, ഏറ്റുമാനൂർ: -45.47, പള്ളം: 14.60, ഉഴവൂർ : 6.18, കാഞ്ഞിരപ്പള്ളി: 3.74, വാഴൂർ: 2.33 ലക്ഷം എന്നിങ്ങനെയാണ് മറ്റ് മേഖലയിലുണ്ടായ നഷ്ടം.

നഷ്ടക്കണക്ക്.

വാഴ: 2.21 കോടി.

പച്ചക്കറി: 7.99 ലക്ഷം.

തെങ്ങ്: 5.45 ലക്ഷം.

കുരുമുളക്: 3.38.

കപ്പ : 1.76.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ് പറയുന്നു.

നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Advertisement
Advertisement