ഗുജറാത്തിൽ ആയിരം കോടിയിലേറെ വിലവരുന്ന നിരോധിത ലഹരി ഗുളികകൾ പിടികൂടി; കണ്ടെത്തിയത് 513 കിലോ

Tuesday 16 August 2022 8:48 PM IST

മുംബയ്: നിരോധിക്കപ്പെട്ട ലഹരി ഗുളികകളുടെ വൻ ശേഖരം പിടികൂടി മുംബയ് പൊലീസ്. ഗുജറാത്തിലെ അങ്കലേ‌ശ്വറിൽ ശനിയാഴ്‌ചയാണ് മുംബയ് പൊലീസ് ആന്റി നർകോട്ടിക് സെൽ റെയ്‌ഡ് നടത്തി ലഹരി ഗുളികശേഖരം പിടിച്ചെടുത്തത്. 1026 കോടി രൂപ വിലവരുന്ന മെഫെഡ്രോൺ എന്ന ലഹരിമരുന്നാണ് മരുന്ന് നിർമ്മാണ കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. ആകെ 513 കിലോയാണ് ലഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഗിരിരാജ് ദീക്ഷിത്ത് എന്നയാളെ അറസ്‌റ്റ് ചെയ്‌തു. ഇയാൾ മെഫെഡ്രോൺ നിർമ്മാണ യൂണിറ്റ് ഉടമയാണ്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള‌ള ഇയാൾ മറ്റൊരാളോടൊപ്പം ചേർന്ന് പരീക്ഷണം നടത്തിയാണ് മെഫെഡ്രോൺ നിർമ്മിച്ചത്. മുംബയ് പൊലീസിന്റെ ആന്റി നർകോട്ടിക് സെല്ലിന്റെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്.

മുൻപ് മുംബയിൽ നലസോപ്പാറയിൽ നിന്നും 1400 കോടി വിലവരുന്ന 700 കിലോ ലഹരി മരുന്ന് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെ തുടർന്നാണ് ഗുജറാത്തിൽ പരിശോധന നടത്തിയത്. 2435 കോടി വിലവരുന്ന 1218 കിലോ ലഹരിമരുന്ന് ഇതിനകം പൊലീസ് പിടികൂടിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ഇത്തരത്തിൽ 250 ഗ്രാം മരുന്ന് പിടിച്ചെടുത്ത അന്വേഷണത്തിനൊടുവിലാണ് ഇത്രയധികം ലഹരിമരുന്ന് പിടിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഷംഷുള‌ള ഉബൈദുള‌ള ഖാൻ(38), ആയൂബ് ഇസാർ അഹ്മദ് ഷെയ്ഖ് (33),രേഷ്‌മാ ചന്ദൻ(49), റിയാസ് അബ്‌ദുൾ സത്താൻ മേനൻ(43), പ്രേം പ്രകാശ് പ്രശാന്ത് സിംഗ്(52), കിരൺ പവാർ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. രാജ്യത്ത് നിയമംമൂലം നിരോധിച്ച ഒരു ഉത്തേജകമാണ് എംഡി എന്നറിയപ്പെടുന്ന മെഫെഡ്രോൺ.