മോദിയുടെ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്

Wednesday 17 August 2022 12:55 AM IST

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാർമശിച്ചതെല്ലാം പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണെന്ന് കോൺഗ്രസ് ആരോപിച്ചു. എട്ടു വർഷത്തെ ഭരണകാലത്ത് നടപ്പാക്കാത്ത വാഗ്‌ദാനങ്ങളെക്കുറിച്ച് സർക്കാർ റിപ്പോർട്ട് കാർഡ് പുറത്തിറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സ്വജനപക്ഷപാതം അവസാനിപ്പിക്കണമെന്ന് പറഞ്ഞ മോദി സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ മക്കൾ ഉന്നതാധികാര പദവികളിൽ ഇരിക്കുന്നത് കാണുന്നില്ലേയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു. ഒരു മന്ത്രിപുത്രൻ ബി.സി.സി.ഐയുടെ തലവനാണ്. ഫോറിൻ സർവീസ് പൂർത്തിയാക്കിയിട്ടില്ലെങ്കിലും മറ്റൊരു മന്ത്രി പുത്രനാണ് വിദേശ നയരൂപീകരണ സമിതിയുടെ തലവൻ. കർഷകർക്ക് ഇരട്ട വരുമാനം, പാവപ്പെട്ടവർക്ക് 15 ലക്ഷം വീതം നൽകൽ തുടങ്ങിയ വാഗ്‌ദാനങ്ങൾ എവിടെ വരെയായെന്നും ചോദിച്ച അദ്ദേഹം തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള വഴികളൊന്നും മോദിയുടെ പ്രസംഗത്തിൽ ഇടം നേടിയില്ല എന്നും ആരോപിച്ചു.

അതേസമയം, സ്‌ത്രീവിരുദ്ധത അവസാനിപ്പിക്കണമെന്ന മോദിയുടെ വാക്കുകളെ പരിഹസിച്ച് കൊണ്ട് മമതാബാനർജിക്കെതിരെയുള്ള മോദിയുടെ പഴയ പ്രസംഗങ്ങളുടെ വീഡിയോ തൃണമൂൽ കോൺഗ്രസും പ്രചരിപ്പിച്ചിരുന്നു.