കരുവന്നൂർ സഹകരണ ബാങ്ക്: 117 കോടിയുടെ  തട്ടിപ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്

Wednesday 17 August 2022 12:01 AM IST

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ 117 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് കണ്ടെത്തിയതെന്നും 2011 മുതൽ നടന്ന തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരാൻ കൂടുതൽ സമയം വേണമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ പൊറത്തശേരി സ്വദേശിയുമായ എം.വി. സുരേഷ് നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എ ഉല്ലാസ് നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യം പറയുന്നത്. 192 വ്യാജ വായ്പകളാണ് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾക്ക് പരിശോധന അനിവാര്യമാണ്. പ്രതികൾ വ്യാജരേഖകളുപയോഗിച്ച് വായ്പയെടുത്ത് നിക്ഷേപകരെയും ബാങ്കിനെയും ഒരുപോലെ ചതിക്കുകയായിരുന്നെന്നും സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ,മുൻ മാനേജർ എം.കെ. ബിജു,മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്,മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ എന്നിവരുൾപ്പെടെ 18 പ്രതികളാണുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ആറു മാസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.

സ്റ്റേറ്റ്മെന്റിൽ നിന്ന്

 പ്രതികൾക്ക് മൂന്നാറിലും തേക്കടിയിലും റിസോർട്ടുകളടക്കം 11 ബിസിനസ് സംരംഭങ്ങളുണ്ട്.

 ഇവയുടെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ്.

 192 വ്യാജ വായ്പകളിൽ 98 എണ്ണത്തിന്റെ വിവരങ്ങൾ ശേഖരിക്കാനുണ്ട്.

 ഈടു നൽകിയ ഭൂമിയുടെ വില കൂട്ടിക്കാണിച്ചാണ് തട്ടിപ്പു നടത്തിയത്.

 ഈ ഭൂമിയുടെ വില പുന: നിർണയിക്കണം.

 പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തു.

 പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് കണ്ടുകെട്ടാൻ അനുമതി ലഭിച്ചു.

 ഇതിനായി വിജിലൻസ് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല.

 ബാങ്കിലെ എല്ലാ വായ്പാ അക്കൗണ്ടുകളും ഓഡിറ്റ് ചെയ്യണം.

 റബ് കോ ഔട്ട്‌ലെറ്റിൽ 13 ലക്ഷത്തിന്റെ കുറവു കണ്ടെത്തി.

 സൂപ്പർ മാർക്കറ്റിലെ ഒന്നരക്കോടി രൂപയുടെ ക്രമക്കേട് വിലയിരുത്താൻ ഓഡിറ്റിംഗ് നടത്തണം.

 കർണാടകയിലോ തമിഴ്നാട്ടിലോ പ്രതികൾക്ക് ഭൂമിയുണ്ടോയെന്ന് അന്വേഷിക്കുന്നു.