അംഗൻവാടിയിലെ കുടിവെള്ള ടാങ്കിൽ ചത്ത എലി: പരിശോധനയുമായി ആരോഗ്യ വകുപ്പ്

Tuesday 16 August 2022 11:24 PM IST

ചേലക്കര: അംഗൻവാടിയിലെ കുടിവെള്ള ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ട സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കൂടുതൽ പരിശോധനയുമായി രംഗത്ത്. പാഞ്ഞാൾ പഞ്ചായത്തിലെ നാലാം വാർഡിലെ തൊഴുപ്പാടം 28-ാം നമ്പർ അംഗൻവാടിയിലെ കുടിവെള്ള ടാങ്കിലാണ് ചത്ത എലിയെയും പുഴുക്കളേയും കണ്ടെത്തിയത്. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി അംഗൻവാടിയിൽ രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടികൾക്കായി എത്തിയപ്പോഴാണ് അംഗൻവാടി കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കിനുള്ളിൽ എലിയുടെയും പുഴുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടാതെ അംഗൻവാടിയിൽ അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തിയിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് രേഖാമൂലം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മേഖലയിലെ എല്ലാ അംഗൻവാടികളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന പരിശോധന നടത്തിവരികയാണ്.