വീട്ടിലെ കിടപ്പുമുറി എവിടെ വേണം ,​ നിറത്തിലും വലുപ്പത്തിലും കാര്യമുണ്ടോ,​ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

Wednesday 17 August 2022 12:24 AM IST

വീട്ടിൽ നാം ഏറ്റവുമധികം ചെലവഴിക്കുന്ന ഇടമാണ് കിടപ്പുമുറി. അതു കൊണ്ടു തന്നെ കിടപ്പുമുറി ഒരുക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ കാലത്ത് പ്രധാന കിടപ്പുമുറിയെ മാസ്റ്റർ ബെഡ്‌റൂം എന്നാണ് അറിയപ്പെടുന്നത്. സ്ഥലസൗകര്യമനുസരിച്ചും ആവശ്യമനുസരിച്ചും രണ്ട് മാസ്റ്റർ ബെഡ് റൂം വരെ ചില വീടുകളിൽ കാണാൻ കഴിയും. കിടപ്പുമുറിയുടെ വലുപ്പം അനുസരിച്ച് വേണം അവിടുത്തെ സൗകര്യങ്ങളും തീരുമാനിക്കാൻ.

കന്നിമൂല അഥവാ തെക്ക് പ‌ടിഞ്ഞാറ് മൂലയാണ് പ്രധാന കിടപ്പുമുറിക്ക് അനുയോജ്യം. തെക്ക് അല്ലെങ്കിൽ കിഴക്ക് ദിക്കിലേക്ക് തല വയ്ക്കുന്ന രീതിയിൽ വേണം കട്ടിലിന്റെ സ്ഥാനം. റൊമാന്റിക് നിറങ്ങളാണ് മാസ്റ്റർ ബെ‌ഡ്‌റൂമിന് അനുയോജ്യം. ഇരുണ്ട നിറങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. അഥവാ അങ്ങനെ വേണമെന്നുണ്ടെങ്കിൽ ബെഡ് സ്പ്രെഡോ കർട്ടനോ മറ്റെന്തെങ്കിലും ആക്സസറീസോ വഴി ഇരുണ്ട തീമിലേക്കെത്താം. ബെഡ് ഷീറ്റുകൾ തിരഞ്ഞെടുക്കുമ്പോഴും കിടപ്പുമുറിയുടെ കളർ തീമിനും ആംബിയൻസിനും പ്രാധാന്യം നൽകുക.

കിടപ്പുമുറി മനോഹരമാക്കാൻ ലൈറ്റിംഗിനും പ്രാധാന്യമുണ്ട്. ഫോൾസ് സീലിംഗ് ചെയ്ത് കിടപ്പുമുറി ഗംഭീരമാക്കാം. പ്രകാശം കണ്ണിൽ വീഴാത്ത രീതിയിൽ വേണം ലൈറ്റുകളുടെ ക്രമീകരണം. സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ബ്ലൈൻഡാണ് കിടപ്പുമുറിക്ക് കൂടുതൽ അനുയോജ്യം. കർട്ടനാണെങ്കിൽ കട്ടി കൂടിയതും കുറഞ്ഞതുമായവ രണ്ടു പാളികളായി ഇടാം.

കിടപ്പുമുറിയുടെ വാതിലിന് 90- 100 സെ.മീ വീതിയെങ്കിലും വേണം. പ്രധാന കിടപ്പുമുറിയിൽ വിലപിടിച്ച സാധനങ്ങൾ വയ്ക്കേണ്ടി വരുന്നതിനാൽ പൂട്ടാനുള്ള സൗകര്യവും വാതിലിന് വേണം.

Advertisement
Advertisement