എറണാകുളത്തെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കൂടെ താമസിച്ചിരുന്ന അർഷാദിനെ കണ്ടെത്താനായില്ല, കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്ക്?

Wednesday 17 August 2022 7:19 AM IST

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ. സജീവ് കൃഷ്ണനെയാണ് (23) കാക്കനാട് ഇടച്ചിറ ഘണ്ടാകർണ ക്ഷേത്രത്തിന് സമീപത്തെ ഓക്സ്ഓനിയ ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പയ്യോളിയിലെ വീട്ടിലടക്കം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അർഷാദിനെ കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.


കൊലപാതകം നടത്തിയ ശേഷം സജീവ് കൃഷ്ണയുടെ മൊബൈൽ ഫോണുമായിട്ടാണ് ആർഷാദ് ഒളിവിൽ പോയതെന്നാണ് സൂചന. അർഷാദിനെ കസ്റ്റഡിയിലെടുത്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.


കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സജീവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫ്ളാറ്റിലെ 16-ാം നിലയിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിവരികയായിരുന്നു സജീവ് കൃഷ്ണൻ. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്.

മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴി‌ഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലർച്ചെ ടൂർ പോയവർ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. കിടപ്പുമുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.