സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് കൊച്ചിയിലെ ലോ‌ഡ്‌ജിൽ വിളിച്ചുവരുത്തി, എല്ലാം കവർന്ന ശേഷം യുവതി മുങ്ങി; മുപ്പത്തിനാലുകാരൻ ആശുപത്രിയിൽ

Wednesday 17 August 2022 7:36 AM IST

കൊച്ചി: യുവാവിനെ സ്‌നേഹം നടിച്ച് ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തിയ യുവതി മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാളെ മർദ്ദിച്ചവശനാക്കി പണവും സ്വർണവും കവർന്നു. കോട്ടയം വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഇയാളുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് യുവതിയെ യുവാവ് പരിചയപ്പെട്ടത്. പിന്നീട് ഫോൺ വിളിയായി. കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തി. 205-ാം നമ്പർ മുറിയിലെത്തിയ യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു.

തുടർന്ന്, ഒന്നേകാൽ പവന്റെ മാലയും ഒരുപവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി. ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം പ്രതികൾ മുങ്ങുകയായിരുന്നു.

ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ 13ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. ലോഡ്ജിലെത്തി പരിശോധിച്ച പൊലീസ് സി.സി.ടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ട്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വഴി പ്രതികളിലേക്ക് എത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.