മഹാരാഷ്ട്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു, മൂന്ന് കോച്ചുകൾ പാളം തെറ്റി; അൻപതിലധികം പേർക്ക് പരിക്ക്

Wednesday 17 August 2022 8:46 AM IST

മുംബയ്: മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. ഗുഡ്സ് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ അൻപത്തി മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിൽ നിന്ന് രാജസ്ഥാനിലെ ജോധ്പൂരലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് കോച്ചുകൾ പാളം തെറ്റുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഗ്നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.