കസ്‌റ്റഡിയിൽ ആദം അലി പറഞ്ഞ ഒരു കാര്യം മാത്രം സത്യമായി, ഗുളികക്കവറിലാക്കി മനോരമ ഒളിപ്പിച്ചത് പൊലീസ് കണ്ടെത്തി

Wednesday 17 August 2022 10:45 AM IST

തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട.കോളീജിയറ്റ് എഡ്യുക്കേഷൻ സൂപ്രണ്ട് മനോരമയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദംഅലി കവർച്ചചെയ്‌തെന്ന് കരുതിയിരുന്ന ആഭരണങ്ങൾ മനോരമയുടെ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെത്തി. ഫ്രിഡ്‌ജിന് സമീപം മരുന്ന് വച്ചിരുന്ന കവറിൽ ഗുളികയ്ക്കൊപ്പം സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

താലിമാലയും വളകളും കമ്മലും ഉൾപ്പെടെ ഏഴ് പവൻ ആഭരണങ്ങൾ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയതായി മനോരമയുടെ ഭർത്താവ് ദിനരാജാണ് അറിയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ വ്യക്തമാക്കി. ആഭരണങ്ങൾ കവർച്ച ചെയ്യാനാണ് കേശവദാസപുരം രക്ഷാപുരി റോഡ് മീനംകുന്നിൽ വീട്ടിൽ മനോരമയെ (68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദംഅലി ( 21 ) കൊലപ്പെടുത്തിയെന്നും ആഭരണങ്ങളടങ്ങിയ കറുത്തബാഗ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പ്രതി അറിയിച്ചെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന്റെ വാദത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഭർത്താവ് പുറത്തുപോയപ്പോൾ ആഭരണങ്ങൾ മനോരമ തന്നെ ഗുളിക കവറിലാക്കി സൂക്ഷിച്ചെന്നാണ് കരുതുന്നത്.

ബാങ്കിൽ നിന്ന് പിൻവലിച്ച് ദിനരാജ് പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 60,000 രൂപയും മനോരമ വീട്ടിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. കൃത്യം നടന്നതിന് പിന്നാലെ പണം പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് കാണാതായത് പണം കവർച്ച ചെയ്‌തെന്ന സംശയത്തിനിടയാക്കിയിരുന്നു. അടുത്തദിവസം വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റഡിയിൽ തുടരുന്ന ആദംഅലി ആഭരണങ്ങൾ കവർച്ച ചെയ്‌തില്ലെന്ന് ആവർത്തിച്ചതോടെയാണ് വീടിനകം വിശദമായി പരിശോധിക്കാൻ പൊലീസ് ദിനരാജിനോട് ആവശ്യപ്പെട്ടത്.

എന്നാൽ കവർച്ചാശ്രമം തന്നെയാണ് കൊലപാതക കാരണമായി പൊലീസ് ഇപ്പോഴും പറയുന്നത്. മനോരമയെ കൊലപ്പെടുത്തിയശേഷം ആദം അലി പണത്തിനും സ്വർണത്തിനുമായി മുറികളിൽ തെരച്ചിൽ നടത്തിയെന്നും ഒന്നും ലഭിക്കാതായതോടെ അവിടെ നിൽക്കുന്നത് പന്തിയല്ലെന്നുകണ്ട് മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നുമാണ് പൊലീസ് ഇപ്പോഴും പറയുന്നത്. 19വരെയാണ് ആദമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ട് ദിവസത്തിനകം ചില ശാസ്ത്രീയ തെളിവുകൾ കൂടി പരിശോധിച്ചശേഷം ആദമിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.