വെളുത്തതെല്ലാം പാലല്ല! കിഡ്നിയെ തകരാറിലാക്കുന്ന 120 കിലോ വ്യാജ പാൽ പിടികൂടി, നിർമ്മിക്കുന്നത് സൾഫേറ്റും ഫോസ്‌ഫേറ്റും അടക്കമുള്ള രാസവസ്തുക്കളുപയോഗിച്ച്

Wednesday 17 August 2022 11:24 AM IST

രാജ്‌കോട്ട്: ഗുജറാത്തിൽ വൻ വ്യാജപാൽ വേട്ട. മധുരപദാർത്ഥങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന പാൽക്കട്ടികളാണ് രാസ വസ്തുക്കളുപയോഗിച്ച് വ്യാജമായി നിർമ്മിച്ചത്. സൾഫേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയ രാസപദാർത്ഥങ്ങളും കാർബണേറ്റ് എണ്ണയും ചേർത്താണ് പാൽ നിർമ്മിച്ചിരിക്കുന്നത്. രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷന്റെ (ആർഎംസി) ആരോഗ്യ വിഭാഗമാണ് വൻ റാക്കറ്റിനെ പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം.

ശുദ്ധമായ പാലിൽ നിന്നും നിർമ്മിക്കുന്ന പാൽക്കട്ടിയേക്കാളും പകുതി രൂപയ്ക്കാണ് സംഘം വ്യാജ പാൽ വിൽപ്പനയ്‌ക്കെത്തിച്ചത്. രാജ്‌കോട്ട് നഗരത്തിൽ കഴിഞ്ഞ നാലുമാസമായി സംഘം ഈ പ്രവർത്തി ചെയ്യുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പച്ചക്കറി സത്തിൽ നിന്ന് നിർമ്മിക്കുന്ന നീരിൽ രാസവസ്തുക്കൾ ചേർക്കുകയായിരുന്നു. ശുദ്ധമായ പശുവിൻ പാലിൽ നിന്നും നിർമ്മിക്കുന്ന പാൽക്കട്ടി കിലോഗ്രാമിന് 400 രൂപയ്ക്ക് വിതരണം ചെയ്യുമ്പോൾ രാസവസ്തുക്കൾ ചേർത്ത പാൽ 140 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് കഴിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവും. ഈ പാൽ ഉപയോഗിക്കുന്നവർക്ക് രക്തസമ്മർദ്ദം, ഹൃദയപ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയുണ്ടാവാം.

പോർബന്തർ ജില്ലയിൽ നിന്നാണ് ഇവ രാജ്‌കോട്ടിലേക്ക് കൊണ്ടുവന്നത്. വഡോദരയിലെ ലബോറട്ടറിയിലേക്ക് സാമ്പിളുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് രാജ്‌കോട്ട് ഡിസിപി പ്രവീൺ കുമാർ മീണ പറഞ്ഞു.