പരാതിക്കാരിയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നു, സിവിക് ചന്ദ്രനെതിരെ പീഡന പരാതി നിലനിൽക്കില്ല; വിചിത്ര പരാമർശവുമായി കോടതി

Wednesday 17 August 2022 11:49 AM IST

കോഴിക്കോട്: ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിൽ പ്രതിയായ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ വിധിയിൽ വിചിത്ര പരാമർശവുമായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡന പരാതി നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ പരാമർശം.

ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രൻ കോടതിയിൽ സമർപ്പിച്ച ചിത്രങ്ങളിൽ പരാതിക്കാരിയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണ്. പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമർത്താൻ അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരി 18ന് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സിവിക് ചന്ദ്രൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. 2021 ഏപ്രിൽ 17ന് പുസ്തക പ്രകാശനത്തിന് എത്തിയപ്പോൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് കാണിച്ച് മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ പരാതി നൽകിയിരുന്നു.