ആശുപത്രിയിലെത്തിക്കാൻ റോഡ് ഇല്ല; പ്രസവത്തിന് പിന്നാലെ ഇരട്ടക്കുഞ്ഞുങ്ങൾ അമ്മയുടെ കൺമുന്നിൽ മരിച്ചു

Wednesday 17 August 2022 12:11 PM IST

മുംബയ്: മാസംതികയാതെ പിറന്ന ഇരട്ടകുഞ്ഞുങ്ങൾ ചികിത്സ ലഭിക്കാതെ മാതാവിന്റെ കൺമുന്നിൽ മരിച്ചു. കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കാൻ റോഡ് ഇല്ലാത്തതിനാലാണ് ചികിത്സ ലഭ്യമാക്കാൻ സാധിക്കാതിരുന്നത്. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

ഏഴ് മാസം ഗർഭിണിയായിരുന്ന മൊക്കാഡ തെഹ്‌സിൽ സ്വദേശിനിയായ വന്ദന ബുദർ ആണ് സ്വന്തം വീട്ടിൽ ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. പ്രസവത്തിന് പിന്നാലെ കുഞ്ഞുങ്ങൾ മരിക്കുകയും അതിതീവ്രമായ രക്തസ്രാവം ഉണ്ടായതിന് പിന്നാലെ കുടുംബാംഗങ്ങൾ ചേർന്ന് യുവതിയെ കമ്പിൽ തുണിച്ചുറ്റി അതിൽ ഇരുത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പാറക്കെട്ടുകളും വഴുക്കലുള്ള ചെരിവുകളും താണ്ടിയാണ് മൂന്ന് കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിൽ യുവതിയെ എത്തിച്ചത്. യുവതിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വന്ദനയെ ആശുപത്രിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഭവം വിമർശനങ്ങൾ ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ബിജെപിയുടെ വൈസ് പ്രസിഡന്റായ ചിത്ര കിഷോർ വാഗ് അപലപിച്ചു. സംഭവം വളരെ വേദനാജനകമാണെന്ന് ചിത്ര കിഷോർ ട്വീറ്റ് ചെയ്തു. സമാനസംഭവങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്നുവെന്നും ഇത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായും ചിത്ര പറഞ്ഞു.