എറണാകുളത്തെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കൂടെ താമസിച്ചിരുന്ന അർഷാദ് പിടിയിൽ, പ്രതിയെ പിടികൂടിയത് കാസർകോട് അതിർത്തിയിൽവച്ച്

Wednesday 17 August 2022 1:44 PM IST

കൊച്ചി: ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ. കാസർകോട് അതിർത്തിയിൽവച്ചാണ് യുവാവിനെ പിടികൂടിയത്. കർണാടകയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ. സജീവ് കൃഷ്ണനെയാണ് (23) കാക്കനാട് ഇടച്ചിറ ഘണ്ടാകർണ ക്ഷേത്രത്തിന് സമീപത്തെ ഓക്സ്ഓനിയ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. സജീവ് കൃഷ്ണയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. യുവാവിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും, കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള മുറിവുകളുള്ളത്.

ഫ്ളാറ്റിലെ 16-ാം നിലയിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിവരികയായിരുന്നു സജീവ് കൃഷ്ണൻ. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്. മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴി‌ഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയത്.

തിങ്കളാഴ്ച പുലർച്ചെ ടൂർ പോയവർ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അർഷാദ് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അർഷാദിന്റെ കൈവശമാണ് സജീവന്റെ ഫോൺ ഉണ്ടായിരുന്നത്. ഈ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് താൻ സ്ഥലത്തില്ലെന്ന് പറഞ്ഞുകൊണ്ട് ഇന്നലെ ഉച്ചവരെ സന്ദേശം വന്നിരുന്നു.