ബ്രൂസ്‌ലിയായി വൈശാഖിനൊപ്പം ഉണ്ണിമുകുന്ദൻ എത്തുന്നു; എല്ലാ ആക്ഷൻ ഹീറോകൾക്കും സമർപ്പിക്കുന്നതായി നടൻ

Wednesday 17 August 2022 8:54 PM IST

ഉണ്ണിമുകുന്ദൻ കരിയർ ഹിറ്റായ മല്ലുസിംഗിന് ശേഷം സംവിധായകൻ വൈശാഖിനൊപ്പം ചേരുകയാണ് 'ബ്രൂസ്‌ലി'യിലൂടെ. നീണ്ട പത്ത് വർഷത്തിന് ശേഷം വൈശാഖുമൊത്ത് പുതിയ ചിത്രം ആരംഭിക്കുന്ന വിവരം ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ആക്ഷൻ സിനിമകളോടുള‌ള തന്റെ ഇഷ്‌ടത്തിനും ആക്ഷൻ ഹീറോകളോടുള‌ള ഇഷ്‌ടത്തിനും ഈ ചിത്രം സമർപ്പിക്കുകയാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. 25 കോടി ബിഗ്‌ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

ഉദയ് ‌കൃഷ്‌ണയുടെ തിരക്കഥയിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ഉണ്ണിമുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ 2020 സെപ്‌തംബറിലാണ് പുറത്തിറങ്ങിയത്. വിഷ്‌ണു മോഹൻ സംവിധാനം ചെയ്‌ത മേപ്പടിയാൻ ആണ് ഉണ്ണി നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം 12ത്ത് മാനിലും ഉണ്ണി അഭിനയിച്ചു.അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണിമുകുന്ദന്റെ പുറത്തിറങ്ങാനുള‌ള അടുത്ത ചിത്രം.