കാക്കനാട്ടെ ഫ്ളാറ്റിലെ കൊല : രണ്ടു സുഹൃത്തുക്കൾ കാസർകോട്ട് അറസ്റ്റി​ൽ

Thursday 18 August 2022 12:48 AM IST

തൃക്കാക്കര: കാക്കനാട്ടെ ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തി​യ കേസിൽ രണ്ട് പ്രതികൾ കാസർകോട്ട് അറസ്റ്റി​ലായി​. കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ. സജീവ് കൃഷ്ണന്റെ (23) സുഹൃത്തുക്കളായ അർഷാദ്, അശ്വന്ത് എന്നി​വരാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പി​ടി​യി​ലായത്. പൊലീസിനെ കണ്ട് ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പി​ടി​യി​ലായത്. കൊലയ്ക്ക് പി​ന്നി​ൽ ലഹരി - സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമെന്നാണ് പൊലീസിന്റെ സൂചന.ഇവരിൽ നിന്ന് എം.ഡി.എം.എ., ഒരു കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹെറോയി​ൻ തുടങ്ങിയവ കണ്ടെടുത്തു. ഇതുസംബന്ധിച്ച കേസും എടുത്തു. ഒളി​വി​ൽ പോയ അർഷാദിനായി​ വിവിധ ജില്ലകളിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.

 ഫ്ളാറ്റിൽ രക്തക്കറയുള്ള കത്തി

കൊല്ലപ്പെട്ട കെ. സജീവ് കൃഷ്ണനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് രക്തക്കറയുള്ള കത്തി കണ്ടെത്തി. തൃക്കാക്കര അസിസ്‌റ്റന്റ് കമ്മിഷണർ പി.വി. ബേബി, ഇൻഫോപാർക്ക് സി.ഐ ബിബിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് നിന്ന് കത്തി ലഭിച്ചത്. കഞ്ചാവ് ഉപയോഗിച്ച ശേഷമുള്ള തരി സ്റ്റീൽ പ്ലേറ്റിൽ കണ്ടെത്തി. കത്തി കൊണ്ട്‌ തലയിലും നെഞ്ചിലും കഴുത്തിലും ഉണ്ടായ മുറിവാണ്‌ മരണകാരണമെന്ന് പൊലീസ്‌ പറഞ്ഞു. ശരീരത്തിന് പുറത്തും അഞ്ചിലേറ തവണ കുത്തിയിട്ടുണ്ട്‌.

 ഫ്ളാറ്റി​ൽ സജീവും അർഷാദും മാത്രം

സൈബർസെല്ലി​ന്റെ സഹായത്തോടെ അർഷാദിന്റെ മൊബൈൽ ലൊക്കേഷൻ അന്വേഷിച്ചാണ് പ്രതി​കളെ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അ‍ർഷാദിന്റെ അവസാന ടവ‍ർ ലൊക്കേഷൻ.

കർണാടകയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. കൊല നടത്തി​യെന്ന് പൊലീസ്‌ സംശയിക്കുന്ന അർഷാദ്‌ ഫ്ലാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല. ഫ്ലാറ്റിന്റ ഇരുപതാം നിലയിൽ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു അർഷാദ്‌. കൊല്ലപ്പെട്ട സജീവിനൊപ്പം താമസിച്ചിരുന്ന അംജാദും അർഷാദിന്റെ സുഹൃത്താണ്‌. അംജാദ്‌ വഴിയാണ്‌ സജീവ്‌ ഉൾപ്പെടെയുള്ളവരെ അർഷാദ്‌ പരിചയപ്പെട്ടത്‌. രണ്ടാഴ്‌ചയായി അർഷാദ്‌ സജീവിന്റെ മുറിയിലായിരുന്നു താമസം. കൊല നടക്കുമ്പോൾ സജീവും അർഷാദും മാത്രമായിരുന്നു ഫ്ലാറ്റിൽ.

ടൂറിലായിരുന്ന മറ്റ് മൂന്നുപേർ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് സജീവ് ഫോൺ എടുത്തില്ല. പകരം സജീവിന്റെ ഫോണിൽ നിന്ന് മേസേജുകൾ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതകം പുറത്തായതോടെ ഫോൺ സ്വിച്ച് ഓഫ് ആക്കി.

 അർഷാദിനെ കസ്റ്റഡി​യി​ൽ വാങ്ങും

അർഷാദിനെയും അശ്വന്തി​നെയും ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇവരെ കസ്‌റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും. അർഷാദിനെതിരെ കൊണ്ടോട്ടിയിൽ മോഷണക്കേസുള്ളതായും പൊലീസ്‌ കണ്ടെത്തി.