കൈവിട്ടുപോയ കൗൺസലിംഗ് !

Thursday 18 August 2022 12:00 AM IST

ശിശുരോഗ ചികിത്സയാണ് വകുപ്പെങ്കിലും ചിലപ്പോഴൊക്കെ വകമാറ്റി ചികിത്സിക്കേണ്ടതായി വരാറുണ്ട്!

മുമ്പു ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഹെഡ്‌നേഴ്സ് ഒരു ദിവസം രാവിലെ എനിക്കൊരു പണിതന്നു!

അവരുടെ അനുജത്തിയും മകളും മരുമകനും ഫാമിലിയും കൂടി എന്നെ കാണാൻ വരുന്നുണ്ട്.... വൈവാഹിക പ്രശ്നം..... ഒരു ചെറിയ കൗൺസിലിംഗ് നടത്തി വിട്ടാൽ അവർ നേരെയായിക്കൊള്ളുമെന്നാണ് നഴ്സിന്റെ അനുമാനം !

എന്റെ 'നോ'യും ഫീസും ഒറ്റയടിയ്ക്ക് എഴുതിത്തള്ളി കൊണ്ട് ആ മാലാഖകുഞ്ഞമ്മ ഇങ്ങനെ പറഞ്ഞു, ഡോക്ടർ പറഞ്ഞാൽ കേൾക്കും...... മരുമകൻ പയ്യൻ ഡോക്ടറുടെ പഴയ പേഷ്യന്റാ.....

ഒരു ഗ്രൂപ്പ് ഫോട്ടോയിൽ കൊള്ളാവുന്നതിനപ്പുറം ആൾക്കാരായിരുന്നു കൗൺസലിംഗിന് വിധേയരാകാനെത്തിയത് ! ഒരു മാസ്സ് എൻട്രി !

കൊവിഡ് പ്രോട്ടോകോൾ പ്രകാരം വീടിന്റെ സിറ്റൗട്ടിലിരുന്നായിരുന്നു ഭർത്താവ്, ഭാര്യ, ഇരുവരുടെയും മാതാപിതാക്കൾ, പിന്നെ ഏഴു വയസ്സുകാരി കുട്ടിയും സിറ്റിംഗ് നടത്തിയത് !

ആമുഖമായി ഞാൻ പറഞ്ഞു.
ഇക്കാലത്ത് ചെറുപ്പക്കാരിൽ മാത്രമല്ല, ഏതു പ്രായത്തിലുള്ള ദമ്പതികളിലും പ്രശ്നങ്ങളുണ്ട്. ന്യൂനപക്ഷം കോടതികളിൽ പോകുന്നു, ഭൂരിപക്ഷം സഹിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്നു.

അമ്മായി - അമ്മായിപ്പൻമാർക്ക് അത് നന്നേ രസിച്ചു. കാര്യം സത്യമാണല്ലോ! പിന്നെ, 90 ശതമാനം വഴക്കുകളും യാതൊരു കാര്യവുമില്ലാത്തതാണ്! ഒരു സോറി പറഞ്ഞാലോ, ഒന്നു തോളിൽ തട്ടിയാലോ തീരാവുന്ന പ്രശ്നം! എന്നാൽ ഈ പ്രസ്താവന ആർക്കും അത്ര രസിച്ചതായി തോന്നിയില്ല!

ങേ! ഈഗോ പ്രശ്നം ? ഗുരുതരം ? എങ്കിൽ തുടങ്ങുക തന്നെ. ലേഡീസ് ഫസ്റ്റ്.

ഭാര്യ തുടങ്ങി.

ഇയാൾ ഏതു സമയവും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമാണ്....എന്നെ ഒന്നു ശ്രദ്ധിക്കാറുപോലുമില്ല ഡോക്ടർ. ആഹാരം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും ഫോൺ നോക്കി ചിരിക്കുമെങ്കിലും എന്നെ നോക്കി ഒരിക്കൽപ്പോലും ചിരിക്കാറില്ല.

അടുത്തതായി ഭർത്താവിനെ വിളിച്ചു. അയാൾ വിശദീകരിച്ചു തുടങ്ങി.

ഇവളുടെ സ്‌ക്രീൻ ടൈം പരിശോധിച്ചാൽ തന്നെ ഡോക്ടർക്ക് മനസ്സിലാകും. കുഞ്ഞിന്റെയോ എന്റെയോ കാര്യങ്ങൾ നോക്കാതെ സദാ സമയവും ഫോണിലാണ്!

ഭാര്യ കൈപൊക്കി!

ഡോക്ടർ, ഇതു വെറുതെ പറയുകയാണ്. ഒഴിവുകിട്ടുമ്പോഴാണ് ഞാൻ ഫോൺ നോക്കാറുള്ളത്.

ഭർത്താവ് - "ഇവൾ സംസാരിച്ചപ്പോൾ ഞാൻ ഇടപെട്ടോ? എനിക്ക് പറയാനുള്ളത് മുഴുവൻ പറയാൻ അനുവദിക്കാതെ ഇങ്ങനെ ഇടപെടുന്നത് ശരിയല്ല."

ഭാര്യ - "പക്ഷേ കള്ളം പറയാൻ പാടില്ല. എങ്കിൽ ഞാൻ ഇടപെടും. അല്ലെങ്കിൽ ഡോക്ടർ ഇടപെടണം!"

ങേ! കള്ളമാണോ സത്യമാണോയെന്നു എനിക്കെങ്ങനെയറിയാം?

അടുത്ത ഊഴം ഭാര്യാഭർത്താക്കന്മാരുടെ മാതാപിതാക്കൾ.

വാദി അമ്മായി - ഈ മൊബൈലുകളാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ് എന്റെ അഭിപ്രായം.

പ്രതി അമ്മായി - അപ്പോൾ നിങ്ങൾ സീരിയൽ കാണുന്നതോ, മൊബൈൽ നോക്കിയല്ലേ? രാത്രി കാണുന്നത് പിറ്റേന്ന് രാവിലെ വീണ്ടും കാണും. ആദ്യം ഈ തള്ള നന്നാകണം .... പിന്നെ മതി ഉപദേശം.

വാദി അമ്മായി - "തൈക്കിഴവീ.... വൃത്തികെട്ട ഭാഷ ഉപയോഗിക്കരുത് പറഞ്ഞേക്കാം!" എന്നെക്കൊണ്ട് നിങ്ങളുടെ കാര്യമൊക്കെ ഇവിടെ പറയിപ്പിക്കണോ ?

പ്രതി അമ്മായി - "ഒച്ചയെടുക്കണ്ട. അതിനെക്കാൾ ഒച്ചയെടുത്തു സംസാരിക്കാൻ അറിയാഞ്ഞിട്ടല്ല. "

അതൊരുവിധം അവസാനിപ്പിച്ച് അമ്മാവൻമാരിലെത്തി.

വാദി അമ്മാവൻ - " അങ്ങോട്ടുമിങ്ങോട്ടും വഴക്കുകൂടുന്നതിനിടയിൽ എനിയ്ക്ക് സമയാസമയത്ത് ആഹാരവും ഉറക്കവും കിട്ടുന്നില്ല. സീരിയൽ ഇതിലും ഭേദമാണ്!" നാഥനില്ലാത്തതിന്റെ പ്രശ്നം ആ കുടുംബത്തിൽ കാണുന്നുണ്ട്!

പ്രതി അമ്മാവൻ - "സൂക്ഷിച്ചു സംസാരിക്കണം. വിളിച്ചുവരുത്തി ആക്ഷേപിക്കാനാണു ഭാവമെങ്കിൽ ഈ ചർച്ചയ്ക്ക് ഞാനില്ല. ഇത് നിയന്ത്രിക്കേണ്ടയാൾ ഇങ്ങനെ പഴം പോലെയിരുന്നാൽ ഇതു മുമ്പോട്ടു പോകില്ല!"

ങേ! ഞാനെന്തു പിഴച്ചു? കൗൺസലിംഗ് അന്തി ചർച്ച പോലെയായി പോയല്ലോ ഡിങ്ക ഭഗവാനേ !

ഇങ്ങനെ ചർച്ച അനസ്യൂതം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ ഇടയ്ക്ക് ഞാൻ ആ കുട്ടിയെ ഒന്നു നോക്കി. കുറേ നേരമായി ചർച്ച മുഴുവൻ നിസ്സംഗയായി കേട്ടുകൊണ്ട് തളർന്ന മുഖവുമായിരുന്ന കുട്ടിയോട് എന്തെങ്കിലും പറയാനുണ്ടോ എന്നു ഞാൻ തിരക്കി.

കുട്ടി മുന്നോട്ടിരുന്നു പറഞ്ഞു തുടങ്ങി. -

"കുറേ നേരമായി ഇവരൊക്കെ വളവളാ പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ! എന്നെ വിളിച്ചതു കൊണ്ടാണ് സ്‌കൂളിൽ പോകാതെ ഞാനും ഇവിടെ വന്നത്. കുട്ടികളെ ചികിത്സിക്കുന്ന ആളായിട്ടുപോലും എനിക്കൊരവസരം ഡോക്ടർ തന്നില്ല. അതു വളരെ കഷ്ടമായി പോയി കേട്ടോ! "

"പോട്ടെ മോളേ, മോൾക്ക് എന്താണ് പറയാനുള്ളത്? "

എന്നെ നോക്കി കുട്ടി തുടർന്നു.
ആദ്യം ഡോക്ടറോടാണ് പറയാനുള്ളത്.....
"മൊബൈലും ഫേസ്ബുക്കും യൂട്യൂബും വാട്ട്സാപ്പും ഉള്ളിടത്തോളം ഈ കൂതറകളോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല. കടുത്ത അവഗണനയാണ് എനിക്ക് വീട്ടിൽ കിട്ടുന്നത്. ആഹാരം കഴിക്കാനല്ലാതെ ഇവർ എന്നെ ഒന്നിനും വിളിക്കാറില്ല..... ശ്രദ്ധിക്കാറില്ല. അടുത്തിരിക്കാറില്ല.... കെട്ടിപിടിക്കാറില്ല... ഉമ്മ തരാറില്ല. "

എല്ലാവരും സ്തബ്ധരായിരുന്നു. കുട്ടി തുടർന്നു.

അങ്കിൾ! ഈ സ്മാർട്ട് ഫോണൊന്നു മാറ്റി സാധാരണ ഫോണാക്കാൻ പറ്റുമോ ? എന്നെപോലെയുള്ള കുട്ടികൾക്ക് അതൊരു വലിയ അനുഗ്രഹമാകും.
.......മോശം വാക്കുകൾ ഉപയോഗിച്ചതിന് അങ്കിൾ എന്നോട് ക്ഷമിക്കണം .....
ഇവർ പറയുന്നതുകേട്ട് പഠിച്ചു പോയതാ! സോറി !

(ലേഖകന്റ ഫോൺ - 9447055050)

Advertisement
Advertisement