ആറളത്ത് ആദിവാസികൾക്ക് വീട്: ഇടനിലക്കാർ വെട്ടിച്ചത് ലക്ഷങ്ങൾ

Wednesday 17 August 2022 10:51 PM IST

വിജിലൻസ് അന്വേഷണം അവസാനഘട്ടത്തിൽ

ആറളം: ജില്ലയിലെ ആറളം ആദിവാസി പുനരധിവാസമേഖലയിൽ വീട് നിർമ്മാണത്തിന്റെ പേരിൽ ഇടനിലക്കാർ ലക്ഷങ്ങൾ വെട്ടിച്ചു. വാസയോഗ്യമല്ലാത്ത വീടുകൾ നിർമ്മിച്ചു നൽകിയതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നുണ്ടായ പരാതിയിൽ വിജിലൻസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. കരാറുകാരും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഈ തട്ടിപ്പിലൂടെ സർക്കാരിന് കോടികൾ നഷ്ടമായെന്നാണ് വിവരം.

താമസക്കാരല്ലാത്തവരുടെ പേരിൽ വിവിധ ബ്ലോക്കുകളിലായി ഇരുന്നൂറോളം വീടുകളാണ് നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാകും മുൻപേ കരാറുകാർ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്.പുനരധിവാസ മേഖലയിലെ 3500 ആദിവാസികൾക്കാണ് ആറളത്ത് ഭൂമി പതിച്ചുനൽകിയത്. പുനരധിവാസത്തിന്റെ തുടക്കത്തിൽ സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ കീഴിൽ വീട് നിർമ്മിച്ചതും കരാറുകാർ മുഖേനയായിരുന്നു. അതിലും വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിരുന്നു.

വളർത്തുമൃഗങ്ങൾക്കും ഉപയോഗപ്പെടില്ല

ആറു ലക്ഷം രൂപ മുടക്കി ആദിവാസികൾക്കായി സർക്കാർ പണിത വീടുകൾ വളർത്തുമൃഗങ്ങൾക്ക് പോലും ഉപയോഗപ്പെടില്ലെന്നാണ് ആരോപണം. ഇതിനാൽ പകുതിയെണ്ണത്തിലും ആരും താമസത്തിനെത്തിയില്ല. ഇതിനാൽ ആറളം ഫാമിൽ ഒരേക്കർ ഭൂമി വീതം ലഭിച്ച വയനാട് ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങൾ ഇന്നും ഇവിടേക്ക് എത്തിയിട്ടില്ല.

അപേക്ഷകൾ ഒപ്പിട്ടു വാങ്ങി തട്ടിപ്പ്

താമസക്കാരല്ലാത്തവരുടെ വിലാസം തപ്പിയെടുത്ത് കരാറുകാർ അവരുടെ വീട്ടിൽ എത്തും. പിന്നെ പണം വാഗ്ദാനം ചെയ്ത് വീട് നിർമ്മാണത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ട് വാങ്ങും. കാൽലക്ഷം മുതൽ അരലക്ഷം വരെയാണ് വാഗ്ദാനം. വീട് നിർമ്മാണത്തിനുള്ള തുക അനുവദിക്കപ്പെട്ടാൽ പിന്നെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് കരാറുകാരാണ്. ആദ്യം മുഴുവൻ ചെക്കുകളിലും ഒപ്പിട്ടു വാങ്ങും. പിന്നെ വീട് നിർമ്മാണം കരാറുകാരന് തോന്നുംപടിയാണ്. വാഗ്ദാനം ചെയ്ത കമ്മിഷൻ തുക പോലും ആദിവാസിക്ക് ലഭിക്കാറില്ല.

Advertisement
Advertisement