ഝാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരായ നടപടികൾ സ്റ്റേ ചെയ്തു

Thursday 18 August 2022 12:02 AM IST

ന്യൂഡൽഹി:ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.കള്ളപ്പണം വെളുപ്പിക്കൽ,ഫണ്ട് ദുരുപയോഗം,ഖനന പാട്ടത്തിന് അനുമതി നൽകൽ തുടങ്ങിയ വിഷയങ്ങളിൽ ശിവശങ്കർ ശർമ്മ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലെ തുടർ നടപടികളാണ് ജസ്റ്റിസ് യു.യു ലളിത്,ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്,ജസ്റ്റിസ് സുധാംഷു ധൂലിയ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തത്.ഇ.ഡി മുദ്ര വെച്ച കവറിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണത്തിന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.മുദ്രവെച്ച കവറിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാട് ഹൈക്കോടതി തള്ളിയിരുന്നു.അഴിമതിയുമായി ബന്ധപ്പെട്ട 16 എഫ്.ഐ.ആറുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി.തുടർന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.