കടലോര നടത്തത്തിലൂടെ തുടക്കം: കടലും കായലും സുന്ദരമാക്കാൻ രാമന്തളി

Wednesday 17 August 2022 11:11 PM IST
രാമന്തളിയിൽ നടന്ന കടലോരനടത്തം

കണ്ണൂർ:ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് രാമന്തളി പഞ്ചായത്തിൽ തുടക്കമായി. കടലും കടലോരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബോധവത്ക്കരണ പരിപാടികളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്.

കടലിനെ അറിയാം ,കടൽക്കാറ്റേൽക്കാം , കടൽ തീരമണയാം എന്ന മുദ്രാവാക്യത്തോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എട്ടിക്കുളം ബീച്ചിൽ സംഘടിപ്പിച്ച കടലോര നടത്തത്തിൽ കോസ്റ്റൽ പൊലീസ്, വിവിധ രാഷ്ട്രീയ പാർട്ടി , മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, കടൽക്കോടതി പ്രതിനിധികൾ, കടലോര ജാഗ്രതാ സമിതി പ്രതിനിധികൾ , യുവജന സംഘടനാ പ്രതിനിധികൾ, യൂത്ത് ക്ലബ്ബുകൾ, മത്സ്യത്തൊഴിലാളികൾ , കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകർ, റെഡ് ക്രോസ് , തീര സംരക്ഷണ സേന സ്‌കൂൾ വിദ്യാർത്ഥികൾ,​വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.തീരത്ത് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.വി സുനിത അദ്ധ്യക്ഷത വഹിച്ചു. ഫിഷറി ഡെവലപ്‌മെന്റ് ഓഫീസർ കെ.കെ.ഉദയകുമാർ കടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.മാലിന്യ സംസ്‌ക്കരണത്തിന് നൂതന മാർഗ്ഗങ്ങൾ ' എന്ന വിഷയത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ ബോധവൽക്കരണ ക്ലാസ് എടുത്തു. സമാപന സമ്മേളനത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിനേശൻ കെ.പി വാർഡ് മെമ്പർ പി. അബ്ദുൽ അസീസ് , എന്നിവർ പങ്കെടുത്തു.

Advertisement
Advertisement