കൊലയ്ക്ക് പിന്നിൽ ഷാജഹാന്റെ പാർട്ടിയിലെ വളർച്ചയും വ്യക്തിവിരോധവും

Thursday 18 August 2022 4:25 AM IST

പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ പകയെന്ന് പൊലീസ്. പാർട്ടിയിൽ ഷാജഹാനുണ്ടായ വളർച്ച പ്രതികൾക്ക് എതിർപ്പുണ്ടാക്കി. പ്രാദേശികമായുണ്ടായ തർക്കങ്ങൾ പെട്ടെന്നുള്ള പ്രകേപനങ്ങൾക്കും കൊലയ്ക്കും കാരണമായി. കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ ഉച്ചയോടെ രേഖപ്പെടുത്തിയത്. സിദ്ധാർത്ഥ്, ശിവരാജൻ, സജീഷ്, വിഷ്ണു എന്നിവർ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാന്റെ പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായിരുന്നു. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രതികൾ പാർട്ടിയുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. കൊലപാതക ദിവസം ശ്രീകൃഷ്ണ ജയന്തി ഫ്ളക്സ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണങ്ങളുണ്ട്. കൊലപാതകം നടന്ന ദിവസം നവീൻ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടിയെന്നും എസ്.പി പറഞ്ഞു.

കൃത്യം നടത്തിയശേഷം പത്തേ കാലോടെ ചന്ദ്രനഗറിലെ ബാറിലെത്തിയ പ്രതികൾ മദ്യപിച്ചശേഷം മൂന്നു സംഘങ്ങളായാണ് രക്ഷപ്പെട്ടത്. ചിലർ മലമ്പുഴ കവയിലെ കോഴിമലയിലേക്കാണ് പോയത്. മലയുടെ മുന്നൂറ് മീറ്ററോളം ഉയരത്തിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. നവീൻ പട്ടാമ്പിയിൽ നിന്നും സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

നിലവിൽ നാലുപേര് കൂടി കസ്റ്റഡിയിൽ ഉണ്ട്. പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. എട്ടുപേരെയാണ് ആദ്യം പ്രതിചേർത്തിരുന്നതെങ്കിലും കൂടുതൽ പേർക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്തവർ എന്നിവ സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. വൈകാതെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

 പ്രതികളുമായി തെളിവെടുപ്പ് നടത്തി

അറസ്റ്റ് രേഖപ്പെടുത്തിയ നാല് പ്രതികളിൽ അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ ഒളിവിൽ കഴിഞ്ഞിരുന്ന മലമ്പുഴ കവ, കോഴിമലയിലും കൊലപാതകം നടന്ന കുന്നങ്കാട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷാജഹാനെ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം കുനിപ്പുള്ളി വിളയിൽപൊറ്റയിൽ കോരയാർപ്പുഴയുടെ സമീപത്തുള്ള പാടത്ത് നിന്നാണ് മൂന്ന് വാളുകൾ കണ്ടെടുത്തത്. വാളിന്റെ പിടിയിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും രക്തക്കറ കണ്ടെത്തി. പ്രതികൾ അവരവരുടെ വീടുകളിൽ നിന്നാണ് വടിവാളുകൾ എടുത്തുകൊണ്ടുവന്നത്.

കൊലപാതകം നടന്ന കുന്നങ്കാട് പ്രതികളെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി.

Advertisement
Advertisement