അഫ്ഗാനിസ്ഥാനിൽ പള‌ളിയ്‌ക്കുള‌ളിൽ ഉഗ്രസ്‌ഫോടനം; ഇമാമടക്കം 20 മരണം, 40 പേർക്ക് പരിക്കേറ്റതായി വിവരം

Wednesday 17 August 2022 11:55 PM IST

കാബൂൾ: വടക്കൻ കാബൂളിൽ ഒരു മുസ്ളീം ദേവാലയത്തിൽ നടന്ന സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായി വിവരം. അൽജസീറ നൽകുന്ന വിവരമനുസരിച്ച് 20 പേർ മരിച്ചു. നാൽപതോളം പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അഫ്‌ഗാൻ തലസ്ഥാനത്തെ ഞെട്ടിച്ച സ്‌ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളടക്കം തകർന്നതായാണ് വിവരം. സുരക്ഷാ സേന സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.

ബുധനാഴ്‌ച പ്രാ‌ർത്ഥന നടക്കുന്ന വേളയിലായിരുന്നു ഉഗ്രസ്‌ഫോടനം. സംഭവത്തിൽ പള‌ളിയിലെ ഇമാമടക്കമുള‌ളവരാണ് മരണമ‌ടഞ്ഞത്. പരിക്കേറ്റവരെ കാബൂളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഗസ്‌റ്റ് അഞ്ചിന് പടിഞ്ഞാറൻ കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേ‌ർ മരിച്ചിരുന്നു. ഷിയാ ഭൂരിപക്ഷ പ്രദേശത്തായിരുന്നു സ്‌ഫോടനമുണ്ടായത്.

മുൻപ് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അൽഖ്വൈദ ഏറ്റെടുത്തു. എന്നാൽ ഇന്നത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.