ഗോതബയ അടുത്തയാഴ്ച ശ്രീലങ്കയിൽ തിരിച്ചെത്തിയേക്കും
കൊളംബോ : ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ ആഗസ്റ്റ് 24ന് രാജ്യത്ത് മടങ്ങിയെത്തുമെന്ന് റഷ്യയിലെ മുൻ ശ്രീലങ്കൻ അംബാസഡറും ഗോതബയയുടെ അടുത്ത അനുയായിയുമായ ഉദയംഗ വീരതുംഗ പറഞ്ഞു. എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എത്തിച്ചേരുന്ന തീയതി ഒരു പക്ഷേ മാറിയേക്കാമെന്നും വീരതുംഗ കൂട്ടിച്ചേർത്തു.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്ക വിട്ട് മാലിദ്വീപ് വഴി ജൂലായ് 14ന് സിംഗപ്പൂരിലെത്തിയ ഗോതബയ വിസാ കാലാവധി തീർന്നതോടെ കഴിഞ്ഞ വ്യാഴാഴ്ച തായ്‌ലൻഡിലെത്തിയിരുന്നു. താത്കാലിക സന്ദർശനത്തിനെത്തിയ ഗോതബയയ്ക്ക് 90 ദിവസം വരെ തായ്‌ലൻഡിൽ തുടരാമെങ്കിലും സുരക്ഷാകാരണങ്ങൾ മുൻനിറുത്തി ബാങ്കോക്കിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ തന്നെ തുടരണമെന്ന് തായ് പൊലീസ് നിർദ്ദേശിച്ചിരുന്നു.
അടിയന്തരാവസ്ഥ നീട്ടില്ല
രാജ്യത്ത് നിലനിൽക്കുന്ന അടിയന്തരാവസ്ഥ നീട്ടില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ. അടിയന്തരാവസ്ഥ ഇന്ന് അവസാനിക്കാനിരിക്കെയാണ് റെനിലിന്റെ പ്രതികരണം. പ്രതിഷേധങ്ങൾ ശാന്തമായ പശ്ചാത്തലത്തിൽ ഇന്നത്തോടെ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.