ക്രൈമിയയിലെ സ്ഫോടനങ്ങൾ യുക്രെയിൻ നടത്തിയതെന്ന് റിപ്പോർട്ട്

Thursday 18 August 2022 5:08 AM IST

കീവ് : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്രൈമിയ ഉപദ്വീപിലെ റഷ്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന മൂന്ന് സ്ഫോടനങ്ങളും യുക്രെയിൻ നടത്തിയതെന്ന് റിപ്പോർട്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രൈമിയയിൽ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സാകി എയർ ബേസിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി വിമാനങ്ങൾ നശിച്ചിരുന്നു. യുക്രെയിൻ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര റിപ്പോർട്ടിലാണ് സ്ഫോടനങ്ങൾ നടത്തിയതിന്റെ സൂചനയുള്ളത്. രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് പുറത്തുവിട്ടത്. ആഗസ്റ്റ് ഒമ്പതിന് സാകി എയർബേസിലുണ്ടായ ആക്രമണത്തിൽ റഷ്യയുടെ എഴ് യുദ്ധവിമാനങ്ങൾ തകരുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എയർബേസിലെ വെടിമരുന്നുകൾ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നായിരുന്നു റഷ്യ അറിയിച്ചത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് യുക്രെയിൻ ഇതുവരെ ഔദ്യോഗികമായി അവകാശപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച ക്രൈമിയയിലെ ഗ്വാർഡെ‌യ്‌സ്കോയിലുള്ള എയർഫീൽഡിലും മെയ്‌സകീയിലെ ആയുധ ഡിപ്പോയിലും സ്ഫോടനങ്ങളുണ്ടായിരുന്നു. മെയ്‌സകീയിലെ സംഭവത്തെ അട്ടിമറി ശ്രമമെന്ന് മാത്രമാണ് റഷ്യ പ്രതികരിച്ചത്. ആരാണ് അതിന് പിന്നിലെന്ന് വ്യക്തമാക്കിയിരുന്നില്ല. അതേ സമയം, ക്രൈമിയ ആസ്ഥാനമായുള്ള റഷ്യൻ സൈന്യത്തിന്റെ ബ്ലാക്ക് സീ ഫ്ലീറ്റിന്റെ പുതിയ കമാൻഡറായി വിക്ടർ സൊകൊലൊവിനെ നിയമിച്ചതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.