ഇടവേളയ്ക്കുശേഷം കടുത്ത ആശങ്ക ഉയർത്തി വീണ്ടും കൊവിഡ്, രാേഗികളുടെ എണ്ണത്തിൽ വൻ വർദ്ധന, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായി

Thursday 18 August 2022 12:41 PM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 3.23 ശതമാനം മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഇത് 6.23 ശതമാനമായി ഉയർന്നു. സജീവ കേസുകൾ ഓഗസ്റ്റ് 1 ന് 4,274 ൽ നിന്ന് ഓഗസ്റ്റ് 17 ന് 6,809 ആയി ഉയർന്നിട്ടുണ്ട്. അഞ്ച് മരണങ്ങളാണ് ശനിയാഴ്‌ച മുതൽ ഉണ്ടായത്. ഐസിയുവിലുള‌ള രോഗികൾ ഓഗസ്‌റ്റ് ഒന്നിന് 98 ആയിരുന്നു ഇപ്പോഴത് 202 ആയി ഉയർന്നു.എന്നാൽ പോസിറ്റീവിറ്റി നിരക്കിൽ അല്പം കുറവുവന്നത് ആശ്വാസത്തിന് ഇടനൽകുന്നുണ്ട്. ഇന്നലെ 9.92 ശതമാനമായിരുന്നു പോസിറ്റീവിറ്റി നിരക്ക്. പുതിയ ജനിതകമാറ്റം വന്ന വൈറസാണ് രോഗം ഇത്രപെട്ടെന്ന് വ്യാപിക്കാനും ആശുപത്രിവാസം കൂട്ടാനും ഇടയാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നത്.

കൃത്യമായി വാക്സിനേഷൻ എടുക്കാത്തവരാണ് രോഗബാധിതരിൽ കൂടുതലും. കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസുകൾ എടുക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭ്യർത്ഥിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കൂടുകയാണ്.


അതിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ വിമാനയാത്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡിജിസിഎ കോമേഴ്‌സ്യൽ വിമാനകമ്പനികൾക്ക് നൽകിയ നിർദ്ദേശപ്രകാരം യാത്രക്കാർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡിജിസിഎ കർശനമായ പരിശോധനകൾ നടത്തിയേക്കാമെന്നും മുന്നറിയിപ്പ് നൽകി. യാത്രക്കാർ എപ്പോഴും മാസ്കുകൾ കൃത്യമായി ധരിക്കണമെന്നും കൃത്യമായ ശുചിത്വം പാലിക്കണമെന്നും നിബന്ധനയുണ്ട്. നിയമലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഡിജിസിഎ എയർലൈൻ കമ്പനികൾക്ക് അനുവാദം നൽകി.

Advertisement
Advertisement