രണ്ട് വർഷം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ചു, ഒപ്പം താമസിച്ച മുപ്പത്തിരണ്ടുകാരൻ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞ് യുവതി

Thursday 18 August 2022 12:54 PM IST

ലക്നൗ: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞ് മുപ്പത്തിയാറുകാരി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലെ മഹേവ്ഗഞ്ചിലാണ് സംഭവം. മദ്യപാനിയായ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടുവർഷത്തോളമായി മുപ്പത്തിരണ്ടുകാരനൊപ്പമായിരുന്നു യുവതിയുടെ താമസം.

സംഭവം നടക്കുമ്പോൾ പാടത്തുപണിയെടുക്കുകയായിരുന്നു യുവതി. പതിനാലുകാരിയായ മകളുടെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിക്കും പരിക്കേറ്റു. തുടർന്ന് അടുക്കളയിലേക്ക് ഓടിപ്പോയി കത്തിയെടുത്ത് കൊണ്ടുവന്ന് പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളയുകയായിരുന്നു.

ഇങ്ങനെ ചെയ്തതിൽ ഖേദമില്ലെന്ന് യുവതി പറഞ്ഞു. യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.