ത്രില്ലടിപ്പിക്കുന്ന പൊലീസ് സ്റ്റോറി, സോളമന്റെ തേനീച്ചകൾ റിവ്യൂ

Thursday 18 August 2022 3:26 PM IST

സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കിയ 'മ്യാവൂ'വിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്‌ത ചിത്രമാണ് 'സോളമന്റെ തേനീച്ചകൾ'. പൊലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലറിൽ ജോജു ജോർജാണ് ടെെറ്റിൽ കഥാപാത്രമായ സോളമനായി എത്തുന്നത്. ഒട്ടേറെ പുതുമുഖ താരങ്ങളും 'സോളമന്റെ തേനീച്ചകളി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജോജു ജോര്‍ജിനെക്കൂടാതെ ജോണി ആന്റണി, വിൻസി അലോഷ്യസ്, ദര്‍ശന സുദര്‍ശന്‍, ശംഭു മേനോൻ, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്‌ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.പി ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്.

സുജ, ഗ്ലെെന എന്നീ വനിതാ പൊലീസുകാരുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളും സ്റ്റേഷൻ കാഴ്‌ചകളിലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്. സുജയായി ദർശനയും ഗ്ലെെനയായി വിൻസിയും വേഷമിട്ടിരിക്കുന്നു. സി.ഐ ബിനു അലക്‌സായി ആഡിസ് ആന്റണിയും ശരത്തായി ശംഭുവും എത്തുന്നുണ്ട്.

ട്രാഫിക് പൊലീസായ സുജയും കോൺസ്റ്റബിളായ ഗ്ലെെനയും കോ‌ർട്ടേഴ്‌സിൽ ഒരുമിച്ചാണ് താമസം. ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി കഴിയുന്ന ഇവരുടെ ഇടയിലേയ്ക്ക് പുതിയ ആളുകൾ കടന്നുവരുന്നതോടെയാണ് കഥ പുരോഗമിക്കുന്നത്.

പൊലീസുകാരുടെ ജീവിതത്തിൽ നിന്ന് തുടങ്ങി പതുക്കെ റൊമാന്റിക് മൂഡിലേയ്ക്ക് മാറുന്ന ചിത്രം ഒന്നാം പകുതിയുടെ അവസാനത്തോടെയാണ് ത്രില്ലർ സ്വഭാവം കെെവരുന്നത്. ആദ്യ പകുതിയിലെ പതിഞ്ഞ താളത്തിൽ നിന്ന് രണ്ടാം പകുതിയിലെത്തുന്നതോടെ ചിത്രം കൂടുതൽ ഉദ്വേഗഭരിതമാകുന്നുണ്ട്.

പൊലീസിന് തലവേദന സൃഷ്‌ടിക്കുന്ന ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ സി.ഐ സോളമൻ (ജോജു ജോർജ്) എത്തുന്നതോടെ സിനിമ ത്രില്ലർ സ്വഭാവത്തിലേയ്ക്ക് കടക്കുന്നു. ഇന്റർവെല്ലിന് ശേഷം ഒരിടത്തും മുഷിപ്പിക്കാതെ മുന്നോട്ട് പോകുന്ന ചിത്രം ക്ലെെമാക്‌സിനോട് അടുക്കുമ്പോൾ ട്വിസ്റ്റുകൾ കൊണ്ട് ഞെട്ടിക്കുന്നുണ്ട്. കേസന്വേഷണം പുരോഗമിക്കുന്തോറും പ്രേക്ഷകനെ ആകാംക്ഷഭരിതമാക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

റഫ് ആന്റ് ടഫായ സോളമനെ ജോജു ജോർജ് ഗംഭീരമാക്കി. കരിയറിലെ ആദ്യ പൊലീസ് വേഷം കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ വിൻസി അലോഷ്യസ് മനോഹരമാക്കി. ദര്‍ശന സുദര്‍ശനും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. മറ്റു പുതുമുഖ താരങ്ങളുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല.

ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസും വിദ്യാസാഗറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'സോളമന്റെ തേനീച്ചകൾ'ക്കുണ്ട്. കഥാപരിസരത്തിന് അനുയോജ്യമായ മികച്ച ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പശ്ചാത്തല സംഗീതം ശരാശരിയിൽ ഒതുങ്ങി. അജ്‍മല്‍ സാബു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ്.

പുതുമയുള്ള കഥയല്ലെങ്കിലും പി.ജി പ്രഗീഷിന്റെ കെട്ടുറപ്പുള്ള തിരക്കഥ സിനിമയ്ക്ക് ഗുണം ചെയ്‌തിട്ടുണ്ട്. ലാൽ ജോസിന്റെ 'നാൽപ്പത്തിയൊന്ന്' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച പ്രഗീഷ് സോളമനിലൂടെ മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ക്ലാസ്‌മേറ്റ്സ് താൻ ഉദ്ദേശിച്ച രീതിയിലല്ല ആളുകൾ മനസിലാക്കിയതെന്ന് ലാൽ ജോസ് പറയുകയുണ്ടായി. ഇത്തവണ പൊലീസുകാരുടെ കഥയുമായി എത്തുമ്പോൾ സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ തന്നെ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയിട്ടുണ്ട്. എൽ.ജെ. ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് നിർമിച്ചിരിക്കുന്ന 'സോളമന്റെ തേനീച്ചകൾ' തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന ഒരു ഡീസന്റ് ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്.

Advertisement
Advertisement