പുന്നപ്രയിലെ നന്ദുവിന്റെ മരണം കൊലപാതകം, പിന്നിൽ ഡി വൈ എഫ് ഐയും ലഹരി മാഫിയയുമെന്ന് വി ഡി സതീശൻ, ഓഡിയോ ഡിലീറ്റ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടെന്നും ആരോപണം
ആലപ്പുഴ : പുന്നപ്രയിലെ നന്ദുവിന്റെ മരണം കൊലപാതകമാണെന്നും പിന്നിൽ ഡി,വൈ.എഫ്.ഐയും ലഹരിമാഫിയയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ ആരോപിച്ചു. പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്ത് കളയാൻ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടെന്നും സതീശൻ പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഡി.വൈഎഫ്.ഐക്കാർ തന്നെ മർദ്ദിച്ചതായി നന്ദു പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്‌ച പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരടങ്ങുന്ന സംഘത്തിന്റെ ആഘോഷം നടന്നിരുന്നു. നന്ദുവും സുഹൃത്തുക്കളും ഇതേസ്ഥലത്ത് ഇരുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി. സംഘർഷം തടയാൻ ശ്രമിച്ച നന്ദുവിനെയും ഡി,വൈ.എഫ്.ഐക്കാർ മർദ്ദിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടർന്നു. ഇതിനിടയിൽ ട്രെയിന് മുന്നിൽപെട്ട് മരിക്കുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ബന്ധു സജു പറഞ്ഞു.
അതേസമയം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പുന്നപ്ര പൊലീസ് വ്യക്തമാക്കി.