ഉരുളിനേക്കാൾ ക്രൂരം അധികാരികളുടെ ഉള്ളം

Friday 19 August 2022 12:00 AM IST

ആനമുടിയുടെ മടിത്തട്ടിലെ മനോഹര താഴ്‌വാരമായിരുന്നു 2020 ആഗസ്റ്റ് ആറ് രാത്രി വരെ പെട്ടിമുടി. എന്നാൽ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം തകർന്നടിഞ്ഞത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് ഇടിത്തീ പോലെയാണ് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്. കുത്തിയൊഴുകിയെത്തിയ മണ്ണിലും ചെളിയിലും പെട്ട അവരുടെ വിലാപം ആരും കേട്ടില്ല. പിഞ്ചുകുട്ടികളും ഗർഭിണികളടക്കമുള്ള സ്ത്രീകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. കേരളത്തെ നടുക്കിയ ദുരന്തമുണ്ടായിട്ട് കഴിഞ്ഞ ആറിന് രണ്ട് വർഷം പൂർത്തിയായി. അന്ന് രാത്രി 10.45നുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിൽ 82 പേരാണ് അകപ്പെട്ടത്. ഗതാഗത വാർത്താവിനിമയ വൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറംലോകമറിയുന്നത് നേരം പുലർന്നിട്ടാണ്. എത്തിച്ചെല്ലാനാകാത്തവിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്‌നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. രാവിലെ ആദിവാസികളും മറ്റ് തോട്ടം തൊഴിലാളികളും ചേർന്ന് കൈകൊണ്ട് മണ്ണുമാന്തിയാണ് ദുരന്തത്തിലകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപ്പെടുത്തിയത്. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശീയ ദുരന്തനിവാരണ സേനയും ചേർന്നതോടെ തിരച്ചിൽ ഊർജിതമായി. പുഴയിലൂടെ ഒഴുകിപ്പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ എട്ടടിയിലധികം ഉയരമുള്ള മരത്തിൽ നിന്ന് വരെ കണ്ടെത്തി. 19 ദിവസം നീണ്ട തിരച്ചിലിൽ ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ചവരിൽ ഒരു ഗർഭിണിയും 18 കുട്ടികളും ഉൾപ്പെടും. നീണ്ട 18 ദിവസത്തിന് ശേഷമാണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തിരച്ചിൽ അവസാനിപ്പിച്ചത്. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്‌കരിച്ചത്. ദുരന്തഭൂമി ഇന്ന് കാടുപിടിച്ച് പ്രേതഭൂമിയായി മാറി. 85 കുടുംബങ്ങൾ താമസമുണ്ടായിരുന്ന ഡിവിഷനിൽ ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് അധിവസിക്കുന്നത്.

ഇനിയും കണ്ടെത്താത്ത

ആ നാല് പേർ

രണ്ടു വർഷം മുമ്പ് ആനമുടിയുടെ താഴ്‌വാരമായ പെട്ടിമുടിയിലെ ലയങ്ങളെ ഉരുൾ വിഴുങ്ങിയപ്പോൾ ഷൺമുഖനാഥിന് നഷ്ടമായത് ‌തന്റെ രണ്ട് പൊന്നുമക്കളെ. മൂന്നാറിൽ താമസിച്ചിരുന്ന ഷൺമുഖത്തിന്റെ മക്കൾ പെട്ടിമുടിയിലുള്ള വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ദുരന്തം. ഇളയമകൻ നിതീഷ് കുമാറിന്റെ (19) മൃതദേഹം നേരത്തെ കണ്ടെത്തി. 22കാരൻ ദിനേശ്കുമാറിനെ ഇനിയും കണ്ടെത്താനായില്ല. 18 ദിവസത്തെ തെരച്ചിൽ ജില്ലാ ഭരണകൂടം അവസാനിപ്പിച്ചതിനുശേഷവും ആഴ്ചകളോളം ഷൺമുഖനാഥ് മകനായി തെരച്ചിൽ നടത്തിയത് വാർത്തയായിരുന്നു. എന്നാൽ, ദുരന്തമുണ്ടായി രണ്ട് വർഷം തികയുമ്പോഴും ദിനേശ്കുമാറിന്റെ മരണസർട്ടിഫിക്കറ്റോ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരമോ കിട്ടിയിട്ടില്ല. ഷൺമുഖനാഥിന്റെ മകൻ മാത്രമല്ല,​ ഇതുവരെയും കണ്ടെത്താനാകാത്ത പെട്ടിമുടി സ്വദേശി കസ്തൂരി (26)​, മകൾ പ്രിയദർശിനി (7)​, കാർത്തിക (21) എന്നിവരും മരണപ്പട്ടികയിലില്ല. മൃതദേഹമോ കണ്ടെടുത്തില്ല, മരിച്ചെന്ന് ഒരു രേഖയെങ്കിലും അവകാശികൾക്ക് കിട്ടേണ്ടതല്ലേയെന്ന് ആരും ചിന്തിക്കാത്തതാണ് ഉരുൾപൊട്ടലിനേക്കാൾ ക്രൂരം. തിരച്ചിലിനുശേഷം കാണാതായവരെ മരിച്ചതായി കണക്കാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചത്. മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയും കിട്ടിയിട്ടില്ല. കസ്തൂരിയും കാർത്തികയും പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. ദിനേശ്കുമാറിന്റെ പേരിൽ മൂന്നാർ എസ്.ബി.ഐ ബാങ്കിൽ 70,​000 രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. മരണസർട്ടിഫിക്കറ്റ് കാണിക്കാതെ പണം പിൻവലിക്കാനാകില്ലെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞതെന്ന് ഷൺമുഖൻ പറഞ്ഞു. ഇളയമകൻ നിതീഷ് കുമാറിന്റെ പേരിലുള്ള നഷ്ടപരിഹാരത്തുകയായ അഞ്ചു ലക്ഷം രൂപ ഷൺമുഖനാഥിന് ലഭിച്ചിരുന്നു. എന്നാൽ, ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ കിട്ടിയിട്ടില്ല. കാണാതായ നാല് പേർ മരണപ്പെട്ടതായി കണക്കാക്കി പ്രത്യേക ഉത്തരവിറങ്ങിയെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് പറയുന്നു. എന്നാൽ ഇത് ദേവികുളം തഹസിൽദാർ പോലുമറിഞ്ഞിട്ടില്ല. കാണാതായവരുടെ ആശ്രിതർക്കും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. പെട്ടിമുടി ദുരന്തത്തിന് തൊട്ടുപിന്നാലെയായിരുന്നു കരിപ്പൂർ വിമാനാപകടവും ഉണ്ടായത്. പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവർക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോൾ വിമാനപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകാനുള്ള സർക്കാർ തീരുമാനം വിവാദത്തിലായിരുന്നു. തമിഴ്‌വംശജരായ തോട്ടംതൊഴിലാളികളോടുള്ള വിവേചനമാണിതെന്ന് വിമർശനമുയർന്നു.

നരകജീവിതത്തിന് മാറ്റമില്ല

പെട്ടിമുടി ദുരന്തമുണ്ടായി രണ്ടാണ്ട് പൂർത്തിയായിട്ടും തോട്ടം ലയങ്ങളിലെ നരകജീവിതത്തിന് ഒരു മാറ്റവുമില്ല. നൂറിലേറെ വർഷം പഴക്കമുള്ള ഷീറ്റ് മേഞ്ഞ രണ്ട് മുറി ലയങ്ങളിൽ ആറും ഏഴും പേരടങ്ങിയ കുടുംബങ്ങളാണ് ദുരിതജീവിതം തള്ളിനീക്കുന്നത്. പീരുമേട്ടിലടക്കം അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി മൂന്നാറിലേക്കാൾ ദയനീയമാണ്. 2015ലെ പെമ്പിളൈ ഒരുമൈ സമരത്തെ തുടർന്ന് സർക്കാരും തോട്ടം മാനേജ്‌മെന്റുകളും ലയങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചില്ല. പെട്ടിമുടി ദുരന്തത്തിന് ശേഷം മൂന്നാറിലെത്തിയ മുഖ്യമന്ത്രിയടക്കം ലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. കണ്ണൻദേവൻ ഹില്ലിലെ മിച്ചഭൂമിയിൽ തോട്ടം തൊഴിലാളികളടക്കമുള്ള ഭൂരഹിതർക്ക് വീടുവെച്ചു നൽകാൻ ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018ൽ സർക്കാർ ഉത്തരവിട്ടിരുന്നു. മൂന്നരവർഷം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് നൽകണമെന്നാവശ്യപ്പെട്ട് പെട്ടിമുടിയിലെ നൈമക്കാട് എസ്റ്റേറ്റിലെ ഷൺമുഖനാഥൻ ഉൾപ്പെടെ പത്തുപേർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയെങ്കിലും അനുകൂലമായല്ല പ്രതികരിച്ചത്.

Advertisement
Advertisement