വീട്ടിയാലും തീരില്ല കടം, തൊലിയുരിക്കാൻ നഗ്നചിത്രങ്ങളും : ഇടപാടുകാരെ കൊല്ലാക്കൊല ചെയ്യാൻ ലോൺ ആപ്പുകൾ

Thursday 18 August 2022 10:07 PM IST

തൃശൂർ: നടപടികൾ ഒന്നോ രണ്ടോ മൊബൈൽ ടച്ചിൽ തീരും. ഓൺലൈനായി പണം പലിശ കഴിച്ച് അക്കൗണ്ടിലെത്തും. പക്ഷേ ലോൺ ആപ്പുകൾ വഴി കടം വാങ്ങിയാൽ,​ നാണക്കേട് ജീവിതം അവസാനിച്ചാലും തീരില്ല. മൊബൈൽ ഫോണിലെ കോൺടാക്ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കി അതിലുള്ള സ്ത്രീകളുടെ നഗ്‌നചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന പരാതികൾ വരെ വ്യാപകമാണ്.

കഴിഞ്ഞദിവസം ഒരു യുവതി, തന്റെ ഫോട്ടോ നഗ്നശരീരത്തോട് മോർഫ് ചെയ്ത് ചേർത്ത് പ്രചരിപ്പിക്കുന്നതായി പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിലാണ് ലോൺആപ്പ് കമ്പനിക്കാർ പരാതിക്കാരിയായ യുവതിയുടെ ഓഫീസിലെ യുവാവിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോ ഉപയോഗിച്ചാണ് ഈ കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്. ഉത്തരേന്ത്യയിലും മറ്റുമുള്ള ഭിക്ഷാടകരുടെയും നിർദ്ധനരായ കർഷകരുടെയും പേരിൽ മൊബൈൽ സിമ്മും ബാങ്ക് അക്കൗണ്ടും ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനാൽ ഏത് അന്വേഷണ ഏജൻസി ശ്രമിച്ചാലും പ്രതികളെ കണ്ടെത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

സംഭവം ഇങ്ങനെ : യുവാവിന്റെ മൊബൈലിൽ ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആപ്പ് വഴി രണ്ട് പ്രാവശ്യം പതിനായിരം രൂപ എടുത്തു. ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാൽ പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടയ്ക്കണമെന്നും പറഞ്ഞ് ഭീഷണിയായി. തെളിവ് സഹിതം പറഞ്ഞിട്ടും ആപ്പുകാർ അത് പരിഗണിച്ചില്ല. നമ്പർ ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റ് നമ്പറുകളിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി. ഓഫീസിലെ ഒരു ചടങ്ങിൽ സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയിൽ പരാതിക്കാരിയായ യുവതിയുമുണ്ടായിരുന്നു. വാട്‌സ് ആപ്പിൽ പ്രൊഫൈലായി യുവതി ഇത് ഉപയോഗിച്ചു. ഈ ഫോട്ടോ ഉപയോഗിച്ചാണ് കമ്പനിക്കാർ, നിരപരാധിയായ യുവതിയുടെ ഫോട്ടോ നഗ്‌നചിത്രമാക്കി കോൺടാക്ട് ലിസ്റ്റിലുള്ളവരിലേക്ക് പ്രചരിപ്പിച്ചത്. പൊലീസ് ഇക്കാര്യം അറിയിച്ചപ്പോൾ യുവാവും അന്തംവിട്ടു. പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്.

ലോൺ ആപ്പ് സന്ദേശം കച്ചിത്തുരുമ്പായി

യുവാവിന്റെ മൊബൈൽ ഫോണിലേക്ക് ലോൺ ആപ്പ് കമ്പനിക്കാർ അയച്ചു നൽകിയ ഇംഗ്ലീഷിലുള്ള സന്ദേശമാണ് അന്വേഷണം വഴിത്തിരിവിലെത്തിച്ചത്. ' ലോൺ തുക അടച്ചു തീർന്നിട്ടില്ല. നിശ്ചിത ദിവസത്തിനകം അടച്ചു തീരാതിരുന്നാൽ ഇക്കാര്യം കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും അറിയിക്കും, നിങ്ങളെ അപമാനിതനാക്കും' എന്നായിരുന്നു സന്ദേശം. തുടർന്നാണ് ആപ്പുകാരുടെ പുതിയ തട്ടിപ്പ് കണ്ടെത്തിയത്.

തട്ടിപ്പ് ഇങ്ങനെ

ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം ഫോണിൽ നിന്നും കോൺടാക്ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കുന്നു.
സെൽഫി ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ആവശ്യപ്പെടും.
ലോൺ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് വലിയൊരു തുക കിഴിച്ച ശേഷം മാത്രം.
ലോൺ തിരിച്ചടച്ചാലും, ആപ്പിൽ വരവു വയ്ക്കാതെ തുക മുടങ്ങി എന്നപേരിൽ പണവും പലിശയും ആവശ്യപ്പെടും.

വ്യാജമായ ഐ.ഡികളിൽ നിന്നും വാട്‌സ് ആപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും സന്ദേശം അയക്കുന്നത്. ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതി പറയില്ല. അതോടെ കുറ്റകൃത്യം ആവർത്തിക്കപ്പെടും. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൈബർ പൊലീസ്‌

Advertisement
Advertisement