സ്തനാർബുദം നിർണയിക്കാൻ സ്പോർട്സ് ബ്രാ ജാക്കറ്റ് യു. എസ്. പേറ്റന്റ് നേടി എം.സി.സി

Thursday 18 August 2022 10:40 PM IST
സ്തനാർബുദ നിർണയത്തിനായി മലബാർ കാൻസർ സെന്റർ വികസിപ്പിച്ചെടുത്ത സ്പോർട്സ് ബ്രാ ജാക്കറ്റ്

കണ്ണൂർ : സ്തനാർബുദം നിർണയിക്കുന്നതിന് സ്പോർട്സ് ബ്രാ ജാക്കറ്റ് വികസിപ്പിച്ച് തലശേരിയിലെ മലബാർ കാൻസർ സെന്റർ ലോകശ്രദ്ധ നേടി. സിമെറ്റ് (സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്‌നോളജി), സിഡാക്ക് (സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്) എന്നിവരുടെ സഹകരണത്തോടെയാണ് മലബാർ കാൻസർ സെന്റർ പുതിയ ഉപകരണം വികസിപ്പിച്ചത്.കണ്ടെത്തലിന് യു.എസ് അംഗീകാരം ലഭിച്ചത് മലബാർ കാൻസർ സെന്ററിന് നിർണായക നേട്ടവുമായി.

സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് വഴി അതിജീവന നിരക്ക് വർദ്ധിപ്പിക്കാനും ചികിത്സാചെലവും ദൈർഘ്യവും കുറയ്ക്കാനും സാധിക്കുന്നുണ്ട്. സംഘടിതമായ സ്ക്രീനിംഗ് ഇന്ത്യയെ പോലുള്ള രാജ്യത്ത് അപ്രായോഗികമായ സാഹചര്യത്തിൽ സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന് സ്ത്രീകൾക്കോ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർക്കോ ആശാ പ്രവർത്തകർക്കോ ഉപയോഗിക്കാവുന്ന ഒരു ഉപകരണം ഓങ്കോളജിസ്റ്റുകളുടെ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിനാണ് മലബാർ കാൻസർ സെന്റർ പൂർണത നൽകിയത്.

കാൻസർ കോശങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുക എന്ന തത്വം ഉപയോഗിച്ചാണ് ഉപകരണം നിർമ്മിച്ചത്. കാൻസർ കോശങ്ങൾ വളരെ സജീവമായതിനാൽ അവ ഊർജ്ജം പുറത്തുവിടുന്നു, അത് ലളിതവും കൈയിൽ കൊണ്ടുപോകാവുന്നതുമായ ഈ ഉപകരണത്തിന് കഴിയും.

പരിശോധന എളുപ്പം

പുതിയ ഉപകരണത്തിൽ പരിശോധന എളുപ്പമാണ്. നേരിട്ടുള്ള സ്തനപരിശോധനയില്ല. പാർശ്വഫലങ്ങളില്ല. ചെലവ് കുറവാണ്. ചിപ്പ് ഘടിപ്പിച്ച ജാക്കറ്റ് പോലുള്ള ബ്രാ ധരിച്ച് അരമണിക്കൂർ ഇരുന്നാൽ മതി.

ഓരോ കപ്പിലും 16 സെൻസർ വീതമുണ്ടാകും. കാൻസർ സാദ്ധ്യത കൂടുതലുള്ള ഭാഗത്താണ് ചിപ്പുകൾ കൂടുതൽ കേന്ദ്രീകരിക്കുക. കാൻസർ കോശങ്ങളുടെയും സാധാരണ കോശങ്ങളുടെയും താപനില വ്യത്യസ്തമായിരിക്കും. ഇത് അതിസൂക്ഷ്മമായി സെൻസർ തിരിച്ചറിഞ്ഞ് സ്ഥാനവും വ്യാപ്തിയും രേഖപ്പെടുത്തും. ഗ്രാഫ് രൂപത്തിൽ മോണിറ്ററിൽ തെളിയും.എം.സി.സി.യിൽ നടത്തിയ ഗവേഷണത്തിൽ സ്തനാർബുദം ബാധിച്ചവരിലെ പഠനഫലം 100 ശതമാനം കൃത്യമായിരുന്നു.

സ്തനാർബുദ പരിശോധനക്കായി ആശുപത്രികളിൽ എത്താൻ മിക്കവരും മടിക്കാറുണ്ട്.ഇതു കൂടെ മനസ്സിലാക്കിയാണ് ഇങ്ങനെയൊരു സംവിധാനം ആലോചിച്ചത്. ഡോ. സതീശൻ ബാലസുബ്രഹ്മണ്യം,​റിസർച്ച് ഡയറക്ടർ, എം.സി.സി

Advertisement
Advertisement