മൊബൈൽ ഫോണിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റച്ചാർജർ സംവിധാനം വരുന്നു
Friday 19 August 2022 12:45 AM IST
ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോണുകൾക്കും പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായി ഉപയോഗിക്കാവുന്ന ചാർജറോ ചാർജിംഗ് പോർട്ടോ മതിയെന്ന് കേന്ദ്ര സർക്കാർ. സ്മാർട്ട്‌ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിലുള്ള ചർച്ചയിലാണ് നിർദ്ദേശമുണ്ടായത്. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയവയ്‌ക്ക് ടൈപ്പ് സി ചാർജിംഗ് പോർട്ടലൊരുക്കാനാണ് ശ്രമിക്കുന്നത്. പുതിയ മോഡലുകൾ വരുമ്പോൾ ചാർജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി മാറുന്നത് തടയുകയാണ് ലക്ഷ്യം.
ഇപ്പോഴുള്ള ഫോണുകളിൽ ഭൂരിഭാഗവും ടൈപ്പ് സി പോർട്ടുള്ളവയാണ്. ടാബിനും സ്പീക്കറിനും ഗെയിമിംഗ് കൺസോളിനും കാമറയ്‌ക്കുമെല്ലാം ടൈപ്പ് സി പോർട്ട് നിർബന്ധമാക്കും. ഇതിലൂടെ പുതിയ ഫോൺ വാങ്ങിയാലും പഴയ ചാർജർ ഉപയോഗിക്കാനാകും. കഴിഞ്ഞ ജൂണിൽ യൂറോപ്യൻ യൂണിയനും ‘ഒറ്റച്ചാർജർ" ആശയം മുന്നോട്ടുവച്ചിരുന്നു.