പിണറായി ഏകാധിപതിയെന്ന് സി.പി.ഐയുടെ രൂക്ഷ വിമർശനം

Friday 19 August 2022 12:42 AM IST

കൊല്ലം: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി മന്ത്രിമാർക്കും രൂക്ഷ വിമർശനം. ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രിയുടെ ഭരണവും പെരുമാറ്രവുമെന്നും സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പിന് വിലക്കയറ്റം നേരിടാൻ കഴിയുന്നില്ലെന്നും കൃഷി വകുപ്പ് പൂർണ പരാജയമാണെന്നും വിമർശനം ഉയർന്നു.

ജില്ലാ അസി. സെക്രട്ടറി പി.എസ്.സുപാൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്റെ പൊതുചർച്ചയിൽ ഇന്നലെ 12 മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇവരിൽ ഭൂരിഭാഗവും മുഖ്യമന്ത്രിയെ വിമർശിച്ചു.

സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾ നിയന്ത്രിക്കുന്നത് സി.പി.എമ്മുകാരാണെന്ന വിമർശനവും ഉയർന്നു. കഴിഞ്ഞ സർക്കാർ ഇടതുപക്ഷ സർക്കാരെന്നാണ് അറിയപ്പെട്ടത്. ഇപ്പോൾ പിണറായി സർക്കാരെന്നാണ് പറയുന്നത്. അഭിപ്രായം പറയുന്ന മന്ത്രിമാർക്ക് പരിചയക്കുറവെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമർശിക്കുന്നു. ഈ അപ്രമാദിത്വം തിരുത്തണമെന്ന ആവശ്യവും ഉയർന്നു.

 ഇതോ സദ്ഭരണം?

കേരളത്തിൽ സദ്ഭരണമാണെന്ന പി.എസ്.സുപാലിന്റെ രാഷ്ട്രീയ റിപ്പോർട്ടിലെ വിലയിരുത്തൽ തിരുത്തണമെന്ന് നെടുവത്തൂരിൽ നിന്നുള്ള പ്രതിനിധി ഷിജുകുമാർ അവശ്യപ്പെട്ടു. വിശപ്പടക്കാൻ ഭക്ഷണം എടുത്തതിന് മധു കൊല്ലപ്പെട്ട, വാളയാറിൽ പിഞ്ചുപെൺകുട്ടികൾ ആത്മഹത്യ ചെയ്‌ത, ബന്ധുനിയമനങ്ങൾ നടക്കുന്ന കേരളത്തിൽ സദ്ഭരണമാണെന്ന് പറയാൻ നാണമില്ലേയെന്നും ഷിജുകുമാർ ചോദിച്ചു.

 കാനത്തിന്റെ നാവ് പണയത്തിലോ?

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാവ് പിണറായി വിജയന്റെ പക്കൽ പണയം വച്ചിരിക്കുകയാണോയെന്ന് കുന്നിക്കോട് നിന്നുള്ള പ്രതിനിധി ചോദിച്ചു. ആദ്യ സർക്കാരിന്റെ കാലത്ത് പാർട്ടി മന്ത്രിമാരെയെങ്കിലും നിയന്ത്രിക്കുമായിരുന്നു. ഇപ്പോൾ അതുമില്ലെന്ന പരിഹാസം ഉയർന്നു. എന്നാൽ പ്രതാപികളായ നേതാക്കൾ ഉണ്ടായിരുന്ന കാലത്ത് നടക്കാതിരുന്ന സി.പി.ഐയുടെ രണ്ടാം രാജ്യസഭാ സീറ്റ് നേടിയെടുത്ത നിലവിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നുവെന്ന അഭിപ്രായവും ഉയർന്നു.

Advertisement
Advertisement