ബസ് ജീവനക്കാരും കാർ യാത്രികരും തമ്മിൽ സംഘർഷം: ഒരാൾ കുഴഞ്ഞുവീണു മരിച്ചു

Friday 19 August 2022 1:41 AM IST

കൊച്ചി: സൈഡ് കൊടുക്കാത്തതിനെ ചൊല്ലി പറവൂരിൽ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിലുണ്ടായ തർക്കത്തിനിടെ, കാർ ഓടിച്ചിരുന്ന യുവാവിന്റെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീൻ (54) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45ന് കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം.

ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. സൈഡ് നൽകാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമ്മദ ബസ് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി. തുടർന്നു ഫർഹാൻ ബസിനു മുന്നിൽ കാർ കൊണ്ടുവന്നിട്ടു തടഞ്ഞ് ചോദ്യം ചെയ്തു. തർക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. തടയുന്നതിനിടെ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ പറവൂർ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാർ വാഹനവുമായി കടന്നു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement