ഗുലാം നബി ഉപരാഷ്‌ട്രപതിയെ കണ്ടു
Friday 19 August 2022 2:33 AM IST
ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിൽ ഉപരാഷ്‌ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ഉപരാഷ്‌ട്രപതിയായി ചുമതലയേറ്റ ധൻകറിന് ആശംസ നേരാനാണ് ആസാദ് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആസാദ് ജമ്മു-കാശ്‌മീർ കോൺഗ്രസ് പ്രചരണ സമിതി അദ്ധ്യക്ഷ സ്ഥാനം അടക്കം രാജിവച്ച ശേഷമുള്ള കൂടിക്കാഴ്‌ചയുടെ രാഷ്‌ട്രീയവും ചർച്ചയായിട്ടുണ്ട്. ആസാദിനെ ജമ്മു-കാശ്‌മീർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് ഹൈക്കമാൻഡ് നീക്കം. എന്നാൽ ദേശീയ രാഷ്‌ട്രീയത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതിനോട് ആസാദിന് താത്പര്യമില്ലെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ സുപ്രധാന കാര്യങ്ങളിൽ കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടിയില്ലെന്ന പരാതിയുമുയർന്നു. ആസാദിന് പിന്തുണയുമായി ചില സംസ്ഥാന നേതാക്കളും ഹൈക്കമാൻഡ് നൽകിയ സ്ഥാനമാനങ്ങൾ രാജിവച്ചിരുന്നു.