സൂര്യൻ മദ്ധ്യവയസിലെത്തി....ഇരുട്ടിലാകുമോ ഭൂമി !

Friday 19 August 2022 4:55 AM IST

ബ്രസൽസ് : സൂര്യനാണ് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപിന്റെ അടിസ്ഥാനഘടകങ്ങളിലൊന്ന്. പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രങ്ങളിലൊന്നാണ് സൂര്യൻ. നക്ഷത്രങ്ങൾ കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് എരിഞ്ഞില്ലാതാകും. അതുപോലെ സൂര്യനും ഒരിക്കൽ ഇല്ലാതാകും. എന്നാൽ എന്നായിരിക്കും അതെന്ന ചോദ്യം എല്ലാവരുടെയും മനസിൽ കാണും.

ഇതിന് ഒരു ഉത്തരം നൽകിയിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസ് ( ഇ.എസ്.എ ). സൂര്യൻ ഇപ്പോൾ അതിന്റെ മദ്ധ്യവയസിൽ എത്തി നിൽക്കുകയാണെന്ന് ഇ.എ.എയിലെ ഗവേഷകർ പറയുന്നു. അതായത്, 457 കോടി വർഷത്തെ പഴക്കമുണ്ടത്രെ നമ്മുടെ സൂര്യന് !

ഇ.എസ്.എയുടെ ബഹിരാകാശ പേടകമായ ഗയയിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളുടെ പ്രായം കണക്കാക്കുക എന്നത് ഗയയുടെ ലക്ഷ്യങ്ങളിലൊന്നാണ്. സൂര്യന്റെ നിറം, തിളക്കം തുടങ്ങിയ ഘടകങ്ങളും ഗയ നിരീക്ഷിക്കുന്നുണ്ട്.

ഇനി ഒരു 500 കോടി വർഷത്തിന് ശേഷം ഉള്ളിലെ ഹൈഡ്രജൻ ഇന്ധനം ക്ഷയിക്കുകയും ഫ്യൂഷൻ പ്രക്രിയയിൽ മാറ്റമുണ്ടാവുകയും ചെയ്യുന്നതിനൊപ്പം സൂര്യൻ ഉപരിതല താപനില കുറഞ്ഞ് ഒരു ചുവന്ന ഭീമൻ നക്ഷത്രമായി മാറുമെന്ന് ഗവേഷകർ പറയുന്നു.

 സൂര്യനിലെ മാറ്റങ്ങൾ

മദ്ധ്യവയസിലെത്തുമ്പോൾ മനുഷ്യർക്ക് ശാരീരിക ബുദ്ധിമുട്ടുകളൊക്കെ കാണാറുണ്ടല്ലോ. അതുപോലെ സൂര്യനിലും മാറ്റങ്ങൾ പ്രകടമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാര്യമായ കുഴപ്പങ്ങൾ ഇല്ല. അടിക്കടിയുണ്ടാകുന്ന സൗരജ്വാലകൾ ( solar flares ), കൊറോണൽ മാസ് ഇജക്ഷനുകൾ, സൗരകൊടുങ്കാറ്റ് എന്നിവയാണ് ഇപ്പോൾ സൂര്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. ഇവ പരിധി കടന്നാൽ ഭൂമിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നത് മറ്റൊരു കാര്യം.

സൂര്യന്റെ അന്തരീക്ഷത്തിലെ ശക്തമായ പൊട്ടിത്തെറികളും അതിനെതുടർന്നുണ്ടാകുന്ന ഭീമൻ ഊർജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് പറയുന്നത്. സൗരജ്വാലകൾ ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിച്ചാൽ ദീർഘ ദൂര റേഡിയോ സംപ്രേക്ഷണം തടസപ്പെട്ടേക്കാം.

സൂര്യൻ നിന്ന് ഭൂമിയുടെ ദിശയിലേക്ക് വർഷിക്കപ്പെടുന്ന കാന്തിക കണങ്ങൾ സൗരക്കാറ്റ് ( solar wind ) എന്നറിയപ്പെടുന്നു. സൗരക്കാറ്റുകളെ ഭൂമിയ്ക്ക് ഭീഷണിയാകാത്ത വിധം തടഞ്ഞ് നിറുത്തുന്നത് ഭൂമിയുടെ കാന്തിക കവചമാണ്. ഈ കാന്തിക കണങ്ങൾ ചിതറിത്തെറിക്കുന്നതാണ് ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന അറോറ ബോറിയാലിസ്.

അതേ സമയം, നൂറ്റാണ്ടിൽ ഒരിക്കലെങ്കിലും ഈ സൗരക്കാറ്റ് ശക്തമായ സൗരക്കൊടുങ്കാറ്റായി ഭൂമിയിലേക്ക് വീശിയടിച്ചേക്കാം. ശക്തിയേറിയ സൗരക്കൊടുങ്കാറ്റുകളെ കൊറോണൽ മാസ് ഇജക്ഷൻസ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂർവമാണ്.

Advertisement
Advertisement