കുറുക്കന്റെ കണ്ണ് പെൻഗ്വിൻ കൂട്ടിൽ, മിസിസ് വൊലൊവിറ്റ്‌സിന് ദാരുണാന്ത്യം!

Friday 19 August 2022 4:55 AM IST

ലണ്ടൻ : ലോകത്തെ ഏറ്റവും പ്രായം കൂടിയ നോർത്തേൺ റോക്ക്‌ഹോപ്പർ പെൻഗ്വിനുകളിലൊന്നായ ' മിസിസ് വൊലൊവിറ്റ്‌സി"ന് കുറുക്കന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. സ്കോട്ട്‌ലൻഡിലെ എഡിൻബറ മൃഗശാലയിലായിരുന്നു മിസിസ് വൊലൊവിറ്റ്‌സിന്റെ താമസം. കഴിഞ്ഞാഴ്ച കൂട്ടിലേക്ക് കടന്നുകൂടിയ കുറുക്കനാണ് 35 വയസുള്ള മിസിസ് വൊലൊവിറ്റ്‌സിന്റെ ജീവനെടുത്തത്. കൂട്ടിലെ മറ്റ് പെൻഗ്വിനുകൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

മിസിസ് വൊലൊവിറ്റ്‌സിന് ആരാധകർ ഏറെയായിരുന്നു. 1987ൽ ജനിച്ച ഈ പെൻഗ്വിൻ സാധാരണ പെൻഗ്വിനുകളേക്കാൾ ഇരട്ടിക്കാലം ജീവിച്ചു. അമിത മത്സ്യബന്ധനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിവിധ ഘടകങ്ങളാൽ വംശനാശ ഭീഷണി നേരിടുന്നവയാണ് നോർത്തേൺ റോക്ക്‌ഹോപ്പർ പെൻഗ്വിനുകൾ. യൂറോപ്പിലെ ഏറ്റവും വലിയ ഔട്ട്‌ഡോർ പെൻഗ്വിൻ പൂൾ സ്ഥിതി ചെയ്യുന്നത് എഡിൻബറ മൃഗശാലയിലാണ്. കിംഗ്, ജെൻഡൂ പെൻഗ്വിനുകളും ഇവിടെയുണ്ട്.