മോഷണം നടത്താൻ ബേക്കറിയിൽ കയറി; ഒരു രൂപ പോലും കിട്ടാത്തതിന്റെ നിരാശ മാറ്റാൻ യുവാവ് ചെയ്തതറിഞ്ഞ് അതിശയിച്ച് നാട്ടുകാർ
മലപ്പുറം: ബേക്കറിയിൽ മോഷ്ടിക്കാനെത്തി പണം ലഭിച്ചില്ലെങ്കിലും നിരാശനായി മടങ്ങാൻ തയാറാകാതെ യുവാവ്. പണം കിട്ടാതെ വന്നതോടെ ബേക്കറിയിലുണ്ടായിരുന്ന 35,000 രൂപ വിലവരുന്ന പലഹാര സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. മലപ്പുറം താനാളൂരിലാണ് സംഭവം. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ് അസ്‌ലമാണ്(24) പിടിയിലായത്.
മധുരപലഹാരങ്ങളും ചോക്ലേറ്റുകളും ചാക്കിൽകെട്ടി ഓട്ടോയിൽ കയറ്റിയാണ് പ്രതി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഹൽവ, ബിസ്ക്കറ്റ്, വിലയേറിയ ചോക്ലേറ്റ്, ഈന്തപ്പഴം എന്നിവയാണ് ആറോളം ചാക്കുകളിലാക്കി അസ്‌ലം കൊണ്ടുപോയത്. ചൊവ്വാഴ്ച പുലർച്ചെ 12നും 1.30നും ഇടയ്ക്കായിരുന്നു കടയുടെ ഗ്രിൽ തകർത്ത് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഓട്ടോയുടെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നില്ല. നൂറിലധികം ഓട്ടോകൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.