ഡൽഹി  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്‌ഡ്; ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് പ്രതികരണവുമായി കെജ്‌രിവാൾ

Friday 19 August 2022 11:29 AM IST

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്‌ഡ്. ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്. ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 21 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.

ദാമൻ ദിയുവിലുള്ള മുൻ ഡൽഹി എക്‌സൈസ് കമ്മീഷണർ എ ഗോപീകൃഷ്ണന്റെ വസതിയിലും റെയ്‌ഡ് നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സിബിഐയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഉദ്യോഗസ്ഥർ തന്റെ വീട്ടിലുണ്ട്. അവർക്കൊന്നും കണ്ടെത്താനായിട്ടില്ല. തന്നെ തകർക്കാനുള്ള ശ്രമമാണിത്. തങ്ങൾ സത്യസന്ധരാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നല്ല കാര്യങ്ങൾ ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കാനാണ് ഈ രാജ്യത്ത് എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ രാജ്യം ഒരിക്കലും ഒന്നാമതാകാത്തത്. മനീഷ് ട്വീറ്റുകളിലൂടെ പ്രതികരിച്ചു.

സിബിഐ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡ‌ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വീറ്റ് ചെയ്തു. റെയ്‌ഡിനോട് പൂർണമായും സഹകരിക്കും. മുൻപും ഇത്തരത്തിൽ റെയ്‌ഡുകൾ നടന്നിരുന്നു. എന്നാൽ അപ്പോഴും ഒന്നും കണ്ടെത്തിയിരുന്നില്ല. ഇപ്പോഴും ഒന്നും കണ്ടെത്തില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബറിൽ ആം ആദ്‌മി സർക്കാർ കൊണ്ടുവന്ന മദ്യനയത്തിൽ അഴിമതിയാരോപിച്ച് ഫയൽ ചെയ്ത എഫ് ഐ ആറിലാണ് അന്വേഷണം നടക്കുന്നത്. പുതിയ നയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസൻസ് സ്വകാര്യ കമ്പനികൾക്ക് കൈമാറിയിരുന്നു.