മലയാള സിനിമകൾ റീമേക്ക് ചെയ്യാൻ ബാലകൃഷ്‌ണയ്‌ക്ക് ആഗ്രഹമുണ്ടെന്ന് ഹണി റോസ്, അതിന് സാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി താരം

Friday 19 August 2022 12:25 PM IST

ഒട്ടേറെ ആരാധകരുള്ള തെലുങ്ക് സൂപ്പർ സ്റ്റാറാണ് നന്ദമൂരി ബാലകൃഷ്‌ണ. ഇപ്പോഴിതാ മലയാളം സിനിമകൾ റീമേക്ക് ചെയ്യാൻ ​ബാലകൃഷ്‌ണയ്‌ക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി ഹണി റോസ്. താരത്തിന് താത്പര്യം ഉണ്ടെങ്കിലും ആരാധകര്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് ബാലകൃഷ്ണ പറഞ്ഞുവെന്നും നടി വെളിപ്പെടുത്തി. ഒരു സ്വകാര്യ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

'മലയാള സിനിമകളെ കൂടുതൽ ശ്ര​ദ്ധിക്കുന്നവരാണ് തെലുങ്ക് ഇൻഡസ്ട്രിയിൽ ഉള്ളത്. ചില മലയാളം സിനിമകൾ ചെയ്യാൻ അവർക്ക് ആഗ്രഹമുണ്ട്. തെലുങ്ക് ഇൻഡസ്ട്രിയിലെ ആളുകൾ മലയാള സിനിമയെക്കുറിച്ച് എന്നോട് ചോദിക്കാറുണ്ട്. ആരാധകർ ബാലകൃഷ്‌ണയെ മാസ് പെര്‍ഫോര്‍മറായി കാണാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ മലയാള സിനിമയിലെ റോളുകൾ റിലേറ്റ് ചെയ്യാൻ കഴിയില്ല'- ഹണി റോസ് പറഞ്ഞു.

ബാലകൃഷ്ണ നായകനാകുന്ന 'എൻ.ബി.കെ107 'എന്ന തെലുങ്ക് ചിത്രത്തിൽ ഹണി റോസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.