ഷാജഹാൻ കൊലക്കേസിലെ എട്ട് പ്രതികളും ബി ജെ പി അനുഭാവികൾ, ഇടത് നേതാവിന്റെ കൊലപാതകം രാഷ്‌ട്രീയ പ്രേരിതമെന്ന് പൊലീസ്

Friday 19 August 2022 5:06 PM IST

പാലക്കാട്: സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്. രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കുന്നത്.

ഒന്നു മുതൽ എട്ട് വരെയുളള പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ഷാജഹാനെ വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതിയായ ശബരിയാണ്. പിന്നീട് അനീഷ് വെട്ടി. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നുമാണ് എഫ്.ഐ.ആർ റിപ്പോർ‌ട്ട്.

അതേസമയം, ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട്‌ എസ്‌.പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് കൊലയിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്.

പിന്നാലെ പൊലീസിനെ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായും അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നുമായിരുന്നു സി.പി.എമ്മിന്റെ ആരോപണം.

Advertisement
Advertisement