അസഹ്യമാകുന്നു, ചൂട്

Saturday 20 August 2022 12:00 AM IST

കോട്ടയം. ശക്തമായ മഴയ്ക്കും പ്രളയത്തിനും ശേഷം ജില്ലയിൽ ചൂട് കനക്കുന്നു. ആഴ്ചകൾക്ക് മുൻപ് കരകവിഞ്ഞൊഴുകിയ മീനച്ചിലാറും മണിമലയാറും ജലനിരപ്പ് താഴ്ന്ന് ദുർബലമായി. ജില്ലയിൽ പകൽ സമയം കുട ചൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 34.6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ഇന്നലെ അത് 29 ഡിഗ്രി സെൽഷ്യസായി.

രാത്രിയിലും അന്തരീക്ഷത്തിൽ ചൂട് നിലനിൽക്കുന്നത് മൂലം എ.സി ഇല്ലാതെ ഉറങ്ങാനും ബുദ്ധിമുട്ടായി. ചൂട് കൂടിയതോടെ ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ വൈദ്യുതിയുടെ ഉപയോഗവും വർദ്ധിച്ചു. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനമാണ് പെട്ടെന്ന് ചൂട് ഉയരാൻ കാരണം. വലിയ തോതിലുള്ള മഴയ്ക്കുശേഷം വരണ്ട കാലാവസ്ഥ കഴിഞ്ഞ കുറെ കാലങ്ങളിലായി അനുഭവപ്പെടുന്നുണ്ട്.

മീനച്ചിലാറ്റിൽ വെള്ളം ഉയർന്ന് പാലാ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യമായിരുന്നു അടുത്തിടെ ഉണ്ടായത്. എന്നാൽ, ഇന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് വലിയോതിൽ താഴ്ന്നു. പഴയിടം കോസ് വേ പാലത്തിലൂടെ ഒരാൾപൊക്കത്തിൽ വെള്ളമാണ് ഒഴുകിയത്. മണിമലയാറിന്റെ പലഭാഗങ്ങളിലും ഇപ്പോൾ വെള്ളം താഴ്ന്ന് മണൽതിട്ടകൾ കാണാവുന്ന നിലയിലാണ്. മഴയ്ക്കുശേഷം വെള്ളം സംഭരിക്കപ്പെടാതെ ഒഴുകിപ്പോകുന്നതാണ് ഇതിന് കാരണം.

കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പുന്നൻ കുര്യൻ പറയുന്നു.

ഭൂമിക്കടിയിലേക്ക് വെള്ളം ഇറങ്ങുന്നില്ല. ഇത് മൂലം അന്തരീക്ഷത്തിലും മണ്ണിലും ജലത്തിന്റെ അംശം നിൽക്കാത്ത സ്ഥിതിയായി. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ മണ്ണിൽനിന്ന് ജലാംശം അന്തരീക്ഷത്തിലേക്ക് എത്തി ചൂട് കുറയ്ക്കുമായിരുന്നു. സ്വാഭാവിക ജലചക്രം സംഭവിക്കാത്തതാണ് ചൂട് വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. അനുദിനം പച്ചപ്പ് കുറഞ്ഞുവരുന്നതും താപനില ഉയരാൻ കാരണമാണ്. ജലം സംഭരിച്ചുവയ്ക്കാനുള്ള മണ്ണിന്റെ കഴിവു നഷ്ടപ്പെട്ടു. ഇപ്പോൾ ഉപരിതല ജലപ്രവാഹമാണ് നടക്കുന്നത്. മഴയിൽ ഭൂമിയിലേക്കെത്തുന്ന ജലം മണ്ണിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകുകയാണ്. അതുമൂലമാണ് ജില്ലയിൽ കഴിഞ്ഞ ആഴ്ചകളിൽ വെള്ളപ്പൊക്കവും ഈ ആഴ്ച വരൾച്ചയ്ക്കും കാരണമായത്.

Advertisement
Advertisement