മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്; 38811 വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്

Friday 19 August 2022 10:49 PM IST

തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിലെ TREND

മട്ടന്നൂർ: നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെ നടക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂർ എച്ച്എസ്എസിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളിൽ എത്തിച്ചു. വിതരണത്തിന് പൊതുനിരീക്ഷക ആർ കീർത്തി മേൽനോട്ടം വഹിച്ചു. വൈകീട്ടോടെ ബൂത്തുകൾ വോട്ടെുപ്പിന് സജ്ജമായി.

ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻറ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസർവ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയും സുഗമവും സമാധാനപരവുമായ തിരഞ്ഞെടുപ്പിനുള്ള ക്രമസമാധാനപാലന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിക്കും. വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന് ശേഷം ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. ഇതിനായി സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഏഴ് ടീമുകളെ നിയമിച്ചിട്ടുണ്ട്. വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലാണ് വോട്ടെണ്ണൽ. രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, സ്റ്റേഷനറീസ്, സ്റ്റാറ്റിയൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി ഫോമുകൾ തുടങ്ങിയവ പോളിംഗ് സാമഗ്രികൾ രാവിലെ 10 മുതൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി. പ്രത്യേകം വാഹനങ്ങളിൽ വൈകീട്ട് മൂന്ന് മണിയോടെ ബൂത്തുകളിൽ എത്തിച്ചു. ആകെ ഏഴ് സെക്ടറൽ ഓഫീസർമാരെയാണ് തിരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ളത്. ഒരു സെക്ടറൽ ഓഫീസർക്ക് അഞ്ച് ബൂത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ.കീർത്തി, ഒന്ന് മുതൽ 18 വരെ വാർഡുകളുടെ വരണാധികാരി കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്, 19 മുതൽ 35 വരെ വാർഡുകളുടെ വരണാധികാരി സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ ജി. പ്രദീപ്,എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

മട്ടന്നൂർ നഗരസഭ

വോട്ടർമാർ ആകെ 38811

പുരുഷന്മാർ 18201

സ്ത്രീകൾ 20608

ട്രാൻസ്ജെൻഡറുകൾ 2

വാർഡ് 35

പോളിംഗ് ബൂത്തുകൾ 35

സ്ഥാനാർത്ഥികൾ 111

പുരുഷന്മാർ 49

സ്ത്രീകൾ 62

സ്ത്രീസംവരണം 18

പട്ടികജാതി സംവരണം 1

Advertisement
Advertisement