നിയമന വിവാദം: ഗവർണർക്കെതിരെ കണ്ണൂർ യൂണി. കോടതിയിലേക്കില്ല, പ്രിയയെ ഒഴിവാക്കാൻ രണ്ടാം റാങ്കുകാരൻ ഹൈക്കോടതിയിൽ

Saturday 20 August 2022 12:04 AM IST

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ യൂണിവേഴ്‌സിറ്റി ഉടനെ കോടതിയെ സമീപിക്കില്ല. ഗവർണറുടെ ഉത്തരവ് സ്റ്റേ ആയി കണക്കാക്കാമോ എന്നതിൽ നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് വ്യക്തത വരുത്തിയശേഷം കോടതിയെ സമീപിക്കുമെന്നാണ് യൂണിവേഴ്സിറ്റിയുടെ പുതിയ നിലപാട്. അതേസമയം, യൂണിവേഴ്സിറ്റിയിലെ സുപ്രധാനമായ പല തസ്തികകളും ഒഴിഞ്ഞു കിടക്കേ, അപ്രധാനമായ ഈയൊരു നിയമനത്തിന് മാത്രം തിടുക്കമെന്തെന്ന് കോടതി ചോദിച്ചാൽ ഉത്തരം മുട്ടുമെന്നും തിരിച്ചടിയാവുമെന്നും മനസ്സിലാക്കിയാണ് പിൻമാറ്റമെന്ന് അറിയുന്നു. പ്രിയ വർഗീസും കോടതിയെ സമീപിക്കാൻ സാധ്യതയില്ല.

ഇതിനിടെ, പ്രിയയെ നിയമന പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്‌കറിയ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത് വഴിത്തിരിവാകും. വൈസ് ചാൻസലർ, പ്രിയ വർഗീസ് തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.

പ്രിയയുടെ യോഗ്യതയെയും ഇന്റർവ്യൂ ബോർഡിന്റെ തീരുമാനത്തെയുമാണ് ചോദ്യം ചെയ്തിരിക്കുന്നത്.

അതേസമയം, ജോസഫ് സ്കറിയയുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നിയമനം ഇടതു പക്ഷ സിൻഡിക്കേറ്റ് അംഗങ്ങളുടെ എതിർപ്പു കാരണം നീണ്ടുപോവുകയാണ്.

മലയാളം വിഭാഗം പ്രൊഫസർ റാങ്ക് പട്ടികയിൽ അദ്ദേഹം ഒന്നാം സ്ഥാനത്താണ്. കണ്ണൂരിൽ പ്രിയയുടെ നിയമനം വിവാദമാക്കിയതിൽ ജോസഫ് സ്കറിയയ്ക്ക് പങ്കുണ്ടെന്നാണ് കാലിക്കറ്റിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ കരുതുന്നത്. ഇതോടെ രണ്ടിടത്തും നിയമനം കിട്ടാത്ത അവസ്ഥയിലാണ് ചങ്ങനാശേരി എസ്.ബി. കോളേജിലെ ഈ അദ്ധ്യാപകൻ.

 ഉത്തരം മുട്ടുന്ന ചോദ്യം

രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നീ സുപ്രധാന പദവികൾ ഒഴിഞ്ഞു കിടക്കുന്നു. പല വകുപ്പുകളിലും മേധാവികൾ ഇല്ല. ഈ നിയമനങ്ങൾ നടത്താതെ, അപ്രധാനമായ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മാത്രം നിയമനം നടത്തുന്നത് എന്തുകൊണ്ട്?

Advertisement
Advertisement