രാമസിംഹന്റെ '1921 പുഴ മുതൽ പുഴ വരെ'യ്‌ക്ക് 'എ' സർട്ടിഫിക്കറ്റ്, ചിത്രം ഓണത്തിന് ശേഷം തിയേറ്ററുകളിലേയ്‌ക്കെന്ന് സംവിധായകൻ

Saturday 20 August 2022 2:33 PM IST

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ 'വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'യുടെ കഥ പറയുന്ന ചിത്രമാണ് '1921 പുഴ മുതല്‍ പുഴ വരെ'. രാമസിംഹനാണ് രചനയും​ സംവിധാനവും നിർവഹിക്കുന്നത്.

മമധ‌ർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിർമ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ തലൈവാസല്‍ വിജയ് ആണ് എത്തുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രദർശനം സെൻസർ ബോർഡ് നിഷേധിച്ചു എന്ന വാർത്തയോട് പ്രതികരിക്കുകയാണ് സംവിധായകൻ.

'പാർവതി അംഗമായ കേരളത്തിലെ സെൻസർ ബോർഡ് ചിത്രം കണ്ടതിനു ശേഷം മുംബയിലെ ഹയർ കമ്മറ്റിക്ക് ചിത്രം വിട്ടിരുന്നു. ചില സീനുകൾ കട്ട് ചെയ്തു. 'എ' സർട്ടിഫിക്കറ്റ് നൽകി ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി ബോംബെ സെൻസർ ബോർഡ് നൽകിയിട്ടുണ്ട്. എന്നാൽ കേരള സെൻസർ ബോർഡ് അതിൽ തൃപ്തരായില്ല. അവർ വീണ്ടും ചിത്രം ഹയർ അതോറിറ്റിയുടെ മുന്നിൽ സമർപ്പിച്ചു. മുൻപ് വരുത്തിയ മാറ്റങ്ങളോടെ ചിത്രം പ്രദർശിപ്പിക്കാൻ ബോംബെ സെൻസർ ബോർഡ് വീണ്ടും അനുമതി നൽകിയിയിട്ടുണ്ട്.

ചരിത്രത്തിലെ ലഹള ചിത്രീകരിക്കുമ്പോൾ അതിൽ അടി പിടിയും രക്തച്ചൊരിച്ചിലും ഉണ്ടാകും. അതൊന്നും ഒഴിവാക്കാൻ സാധിക്കില്ല. അതിനാലാണ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് കിട്ടിയത്. ചിത്രത്തിൽ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവ ഒന്നും കാണിക്കുന്നില്ല. ഓണത്തിന് ശേഷം ചിത്രം റിലീസ് ചെയ്യും'- രാമസിംഹൻ പറഞ്ഞു.