ആ ചിത്രം മലയാളത്തിലെടുത്താൽ മമ്മൂട്ടിയും ദുൽഖറും നായകന്മാരാകും, ആരാധകരെ ആവേശത്തിലാക്കി കാർത്തിക് സുബ്ബരാജിന്റെ വാക്കുകൾ

Saturday 20 August 2022 4:24 PM IST

ഒട്ടനവധി ആരാധകരുള്ള യുവ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. വിക്രം, ധ്രുവ് വിക്രം എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 'മഹാൻ' എന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിലായി ഇറങ്ങിയത്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് മറ്റ് താരങ്ങൾ. സന്തോഷ് നാരായൺ സംഗീത സംവിധാനം നിർവഹിച്ച 'മഹാൻ' വിക്രത്തിന്റെ അറുപതാമത്തെ സിനിമയായിരുന്നു.

ഇപ്പോഴിതാ ചിത്രം മലയാളത്തിൽ എടുത്താൽ ആരൊക്കെയാകും പ്രധാന കഥാപാത്രങ്ങൾ എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ. മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു.

മലയാളത്തിൽ നിർമിക്കുന്ന രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംവിധായകന്റെ പ്രതികരണം. കമൽ ഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ടു മലയാള ചിത്രങ്ങൾ നിർമിക്കാൻ ഒരുങ്ങുകയാണ്. 'അറ്റൻഷൻ പ്ലീസ്', 'രേഖ' എന്നീ ചിത്രങ്ങളാണ് കാർത്തിക് നിർമിക്കുന്നത്. രണ്ടുചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ജിതിൻ ഐസക് തോമസ് ആണ്.