ശോച്യാവസ്ഥയിലുള്ളത് 372 കിലോമീറ്റർ റോഡ് വിനയാകുന്നത് വാട്ടർ അതോറ്റിയുടെ പൈപ്പിടൽ

Sunday 21 August 2022 12:04 AM IST

തൃശൂർ: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പ്രധാന കാരണം ജല അതോറിറ്റിയുടെ പൈപ്പിടലെന്ന് പൊതുമരാമത്ത് വകുപ്പ് വിലയിരുത്തൽ. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളുമായുള്ള ഏകോപനം സാദ്ധ്യമാക്കുന്ന സംവിധാനമായ ഡിസ്ട്രിക്ട് ഇൻഫ്രാസ്‌ട്രക്ചർ കോ - ഓർഡിനേഷൻ കമ്മിറ്റി (ഡിഐസിസി) യോഗത്തിലാണ് വിലയിരുത്തൽ.

പൈപ്പിടൽ യഥാസമയം നടക്കാത്തതും അതിനായി എടുത്ത കുഴി ശരിയായ രീതിയിൽ അടയ്ക്കാത്തതും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായാണ് കണ്ടെത്തൽ. ഇക്കാര്യം ജലസേചന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എം.എൽ.എമാർ ഉന്നയിച്ച പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ച ചെയ്ത് നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഒല്ലൂർ മണ്ഡലത്തിലെ ശ്രീധരിപ്പാലം നിർമാണം വേഗത്തിലാക്കുന്നതിനായി കൃത്യമായ വർക്ക് ഷെഡ്യൂൾ സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പീച്ചി - വാഴാനി ഇടനാഴിയുടെ പ്രവൃത്തിയും വേഗത്തിലാക്കണം. ഒല്ലൂർ സെന്റർ വികസനത്തിന്റെ കാര്യത്തിൽ നാറ്റ്പാക്കുമായി ബന്ധപ്പെട്ട് ഡിസൈൻ ലഭ്യമാക്കാനും തീരുമാനമായി. യോഗത്തിൽ മന്ത്രി കെ. രാജൻ, എം.എൽ.എമാരായ എ.സി. മൊയ്തീൻ, എൻ.കെ. അക്ബർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, കെ.കെ. രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, വി.ആർ. സുനിൽ കുമാർ, കളക്ടർ ഹരിത വി.കുമാർ, തുടങ്ങിയവർ സംബന്ധിച്ചു.

  • ജില്ലയിൽ ആകെ പി.ഡ്ബ്ളിയു.ഡി റോഡ് - 1971 കി.മി
  • ശോച്യാവസ്ഥയിൽ ഉള്ള റോഡ് - 372 കി.മി.

നടപടി

  • മേലൂർ - പാലപ്പിള്ളി നാലുകെട്ട് റോഡ് കരാറുകാരനെ ഒഴിവാക്കും.
  • കൊടകര - കൊടുങ്ങല്ലൂർ റോഡ് നിർമ്മാണ അപാകത ആഭ്യന്തര വിജിലൻസ് പരിശോധന.

പ്രധാന തീരുമാനങ്ങൾ

  • ചാലക്കുടി കോടതി സമുച്ചയം നിർമ്മാണത്തിനായി ഡിസൈൻ ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി
  • നബാർഡിന്റെ നേതൃത്വത്തിലുള്ള ഗാന്ധിഗ്രാം ആശുപത്രി കെട്ടിടനിർമ്മാണത്തിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ആരോഗ്യവകുപ്പിന്റെ നിലപാട് തേടും
  • ചേലക്കര ബൈപ്പാസിന്റെ ഡി.പി.ആർ ആഗസ്റ്റ് 25നകം ലഭ്യമാക്കും
  • കൊണ്ടയൂർ - ഓങ്ങല്ലൂർ പാലത്തിന്റെ ഡി.പി.ആർ സെപ്തംബർ 15നകം ലഭ്യമാക്കണം.
  • കൊണ്ടാഴി - കുത്താമ്പുള്ളി പാലത്തിന്റെ പുതുക്കിയ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പി.ഡബ്ളിയു.ഡി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
  • വാഴക്കോട് - പ്ലാഴി കോൺക്രീറ്റ് റോഡ് നിർമ്മാണത്തിലെ പരാതികൾ പരിശോധിക്കും.
  • കയ്പമംഗലം - പുളിച്ചുവട് റോഡ് ബി.എം ആൻഡ് ബി.സി രീതിയിൽ നിർമിക്കാൻ ഭരണാനുമതി.
  • കാഞ്ഞാണി റോഡിലെ വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. അല്ലെങ്കിൽ നടപടി സ്വീകരിക്കും
  • പുല്ലൂറ്റ് സമാന്തര പാലത്തിന്റെ അലൈൻമെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട ഫീസിബിലിറ്റി റിപ്പോർട്ട് സപ്തംബർ 20ന് മുമ്പായി ലഭ്യമാക്കണം.

എന്ത് ചെയ്താലും നടപടി എടുക്കില്ലെന്ന കരാറുകാരുടെ ഹുങ്ക് അംഗീകരിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും

- മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത മുടിക്കോട്ടെ നിരന്തരമായ അപകടങ്ങളിൽ ദേശീയപാത അധികൃതർ അലംഭാവം കാണിക്കുന്ന നിലപാട് പ്രതിഷേധാർഹം. - മന്ത്രി കെ. രാജൻ