യു.എസിലെ ലേലശാലയിൽ ചോള സാമ്രാജ്യ വിഗ്രഹം

Saturday 20 August 2022 10:34 PM IST

ചെന്നൈ: യു. എസിലെ ലേലശാലയിൽ നിന്ന് ചോള സാമ്രാജ്യത്തിലേതെന്ന് കരുതുന്ന സംബന്താർ വിഗ്രഹം,​ വിഗ്രഹാന്വേഷണ സി.ഐ.ഡി പൊലീസ് കണ്ടെത്തി. തഞ്ചാവൂർ ജില്ലയിലെ നടനപുരേശ്വർ ക്ഷേത്രത്തിൽ നിന്ന് കാണാതായ വിഗ്രഹമാണ് യു.എസിലെ ക്രിസ്റ്റീസ് ലേലശാലയിൽ കണ്ടെത്തിയത്.

നടനപുരേശ്വർ ശിവ ക്ഷേത്രത്തിലെ സംബന്താർ,​ കൃഷ്ണ കലിംഗ നർത്തനം,​ അയ്യനാർ,​ അഗസ്ത്യാർ,​ പാർവതീ വിഗ്രഹങ്ങൾ 1971 മേയ് 12 ന് മോഷണം പോയിരുന്നു.  എന്നാൽ 2019 ഫെബ്രുവരി 14 ന് ലഭിച്ച പരാതിയെ തുടർന്നാണ് പൊലീസ് ഊർജിതമായി കേസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്ര രക്ഷാധികാരിയും തണ്ടാൻ തോട്ടം ഗ്രാമത്തിലെ വെൽഫെയർ അസോസിയേഷൻ തലവനായ കെ. വാസുവാണ് പൊലീസിന് പരാതി നൽകിയത്. എന്നാ‍ൽ, പരാതിയോടൊപ്പം നഷ്ടപ്പെട്ട വിഗ്രഹങ്ങളുടെ ചിത്രങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല. ഇത് കേസ് അന്വേഷണത്തെ ബാധിച്ചു. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പുതുച്ചേരിയിൽ വിഗ്രഹങ്ങളുടെ റഫറൻസ് ചിത്രങ്ങളുണ്ടോയെന്ന അന്വേഷണത്തിലായിരുന്നു തുടർന്ന് അന്വേഷണ സംഘം. അവിടെ നിന്ന് കണ്ടെടുത്ത ചിത്രങ്ങളാണ് കേസിന് തുമ്പുണ്ടാക്കിയത്. ഈ ചിത്രം ഉപയോഗിച്ച് വെബ്സൈറ്റുകളിൽ നടത്തിയ തെരച്ചിലിലാണ് ന്യൂയോർക്കിലെ ക്രിസ്റ്റീസ് ലേലശാലയിൽ ഇതേ വിഗ്രഹം കണ്ടെത്തിയത്. തുടർന്ന് രണ്ടു ചിത്രങ്ങളുടെയും ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ കാണാതായ വിഗ്രഹമാണ് ലേലശാലയിൽ ഉള്ളതെന്ന് ഉറപ്പിച്ചു. 

വിഗ്രഹം തിരിച്ചു കിട്ടുന്നതിനായി യു.എസിലേക്ക് വിഗ്രഹാന്വേഷണ പൊലീസ് കത്തയച്ചിട്ടുണ്ട്. ഉടനെ തന്നെ വിഗ്രഹം തിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Advertisement
Advertisement