വേളി ടൂറിസ്റ്റ് വില്ലേജിൽ അനാസ്ഥയുടെ ഓണക്കാലം

Saturday 20 August 2022 11:12 PM IST

തിരുവനന്തപുരം: ഓണം ടൂറിസം സീസൺ തുടങ്ങാനിരിക്കെ വേളി ടൂറിസം വില്ലേജിൽ ദുരവസ്ഥയുടെ കാഴ്‌ചകൾ മാത്രം. കരിങ്കല്ലിൽ കെട്ടിയുയർത്തിയ നടപ്പാതയുടെ ഭൂരിഭാഗവും അതിശക്തമായ മൺസൂൺ തിരയിൽ ഇടിഞ്ഞു താഴ്ന്നു. ബാക്കി ഭാഗം ഏത് നിമിഷവും കടലിൽ പതിക്കുമെന്ന സ്ഥിതിയിലാണ്. അപകടസാദ്ധ്യത കണക്കിലെടുത്ത് നടപ്പാതയുടെ ഒരുഭാഗത്തേക്ക് സഞ്ചാരികളെ വിലക്കിയിരിക്കുകയാണ്.

ഓണക്കാലത്ത് ബീച്ചിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് നടക്കാനോ നേരം ചെലവഴിക്കാനോ ബീച്ചിലിടമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. പാർക്കിൽ നിന്ന് ബീച്ചിലേക്ക് പോകാനുള്ള കായലിലെ ഫ്ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരികളും ഇളകിയിരിക്കുകയാണ്. കുട്ടികളടക്കം പിടിച്ചു നടക്കുന്ന ഫ്ളോട്ടിംഗ് ബ്രിഡ്‌ജിന്റെ ഇളകിയ കൈവരികൾ അപകടങ്ങൾ വിളിച്ചുവരുത്തുന്നവയാണ്.

ഫ്ലോട്ടിംഗ് ബ്രിഡ്‌ജും കടന്ന് ബീച്ചിലേക്കെത്തുന്ന സഞ്ചാരികൾ ആദ്യം കാണുന്നത് മാലിന്യക്കൂമ്പാരമാണ്. ബീച്ചിന് തൊട്ടുമുമ്പായി ഇടതുവശത്തുള്ള സ്ഥലത്താണ് കുതിരകളുടെ ചാണകവും പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. അസഹനീയമായ ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്.

കൂറ്റൻ തിമിംഗിലത്തിന്റെ

ജഡം കരയ്‌ക്കടിഞ്ഞു

വേളി ബീച്ചിൽ കൂറ്റൻ തിമിംഗിലത്തിന്റെ അഴുകിയ ജഡം കരയ്‌ക്കടിഞ്ഞു. രണ്ടായി മുറിഞ്ഞ നിലയിലാണ് ജഡം കാണപ്പെട്ടത്. കപ്പലിന്റെ പ്രൊപ്പെല്ലർ തട്ടിയാകാം തിമിംഗിലം ചത്തതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.